കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല… ഇങ്ങനെ മനസിൽ പാടി വിഷമിക്കുന്നവർ ലോകത്തിലുണ്ട്; എത്ര ശ്രമിച്ചിട്ടും കരയാൻ പറ്റാതെ ബുദ്ധിമുട്ടുന്നവർ. കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയതുകൊണ്ടാവാം. അല്ലെങ്കിൽ ഹൃദയത്തിനു കാഠിന്യമേറിപ്പോയതിനാലാകാം. എന്തായാലും ഇങ്ങനെയുള്ളവർ ലോകത്തിലുള്ളതുകൊണ്ടു സന്തോഷിക്കുന്ന മറ്റു ചിലരും ലോകത്തിലുണ്ട് കേട്ടോ.
കരച്ചിൽ ഉപജീവനമാക്കിയവർ, കണ്ണുനീർ വിറ്റു ജീവിക്കുന്നവർ. ആഫ്രിക്കൻ രാജ്യമായ ഘാനയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കരച്ചിൽ സംഘങ്ങളുള്ളതെന്നാണു റിപ്പോർട്ടുകൾ. അവിടെ പ്രത്യേക സംഘടന പോലുമുണ്ട് ഇക്കൂട്ടർക്ക്.
ഘാനൻ നിവാസികൾ കല്യാണത്തേക്കാൾ ആഡംബരമായി നടത്തുന്ന മൃതസംസ്കാര ചടങ്ങുകളാണ് കരച്ചിൽ സംഘങ്ങളുടെ ചാകര. ഉറ്റവരും ഉടയവരും മരിക്കുന്പോൾ ബന്ധുക്കൾ കരയുന്നത് കുടുംബ മഹിമയുടെ അടയാളമായാണ് ഘാനയിലുളളവർ കാണുന്നത്. പക്ഷേ, പല സന്പന്ന കുടുംബാംഗങ്ങൾക്കും തങ്ങളുടെ ബന്ധുക്കൾ മരിക്കുന്പോൾ കരച്ചിൽ വരാറില്ല.
അവിടെയാണ് കരച്ചിൽസംഘങ്ങളുടെ പ്രസക്തി. അഞ്ചോ പത്തോ പേർ അടങ്ങിയ സംഘമെത്തി കരഞ്ഞു കണ്ണീരൊഴുക്കി ചടങ്ങു കൊഴുപ്പിക്കും. ഇവരുടെ അലമുറ കേൾക്കുന്പോൾ അതുവരെ കരയാൻ കഴിയാതിരുന്നവർക്കും ചിലപ്പോൾ കണ്ണുനിറഞ്ഞേക്കാം.
കൂടുതൽ ഉച്ചത്തിൽ കരയുന്നതിന് അതിനനുസരിച്ചു സംഘാംഗങ്ങൾ കൂടുതൽ റേറ്റ് വാങ്ങും. കരച്ചിലും മൂക്കുപിഴിച്ചിലുമൊന്നുമില്ലാതെ ശവസംസ്കാരത്തിന് ഒരു ഇതില്ല എന്നു കരുതുന്ന ഘാനയിലെ സന്പന്നർക്കു റേറ്റ് എത്ര കൂടിയാലും പ്രശ്നമില്ലത്രേ.
എല്ലാ ദിവസവും ഒരു മരണമെങ്കിലും ഉള്ളതിനാൽ മറ്റു ജോലിക്കൊന്നും ഇപ്പോൾ പോകാറില്ലെന്നു കുമാസി ഫണറൽ ക്രൈയേഴ്സ് അസോസിയേഷൻ പ്രസിഡന്റായ അവോ യാഡോംഗ് പറയുന്നു. കരച്ചിലിനു ശബ്ദം പോരായിരുന്നുവെന്നു പരാതി പറഞ്ഞു വിളിക്കുന്നവരിൽ ചിലർ വഴക്കിടാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.