റഷ്യയിൽ അരങ്ങു തകർത്തുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ താരം നെയ്മറുടെ വീഴ്ചയും കരച്ചിലും ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. കാറ്റടിച്ചാൽ പോലും നിലത്തു വീഴുന്ന താരം ചെയ്തുകൊണ്ടിരിക്കുന്നത് വെറും അഭിനയമാണെന്നും മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിനു നൽകണമെന്നുമുള്ള ട്രോളുകൾ നാനാഭാഗത്തു നിന്നും ഉയരുന്നുണ്ട്.
ഇപ്പോഴിതാ നെയ്മറുടെ ഈ വീഴ്ചയെ തങ്ങളുടെ പരസ്യമാക്കി മാറ്റിയിരിക്കുകയാണ് അന്താരാഷ്ട്ര വ്യാപാര ശൃംഖലകളുള്ള കെന്റക്കി ഫ്രൈഡ് ചിക്കൻ(കെഎഫ്സി). ഫുട്ബോൾ മത്സരത്തിനിടെ പരിക്കേറ്റ് നിലവിളിച്ച് നിലത്തുവീഴുന്ന കളിക്കാരൻ ഗ്രൗണ്ടിൽ നിന്നും ഉരുണ്ട് പലസ്ഥലങ്ങൾ കറങ്ങി കെഎഫ്സി ഷോപ്പിനു മുമ്പിൽ എത്തിനിൽക്കുകയും, സന്തോഷത്തോടെ ഭക്ഷണ വസ്തുക്കൾ വാങ്ങി മടങ്ങുകയും ചെയ്യുന്നതാണ് ഈ പരസ്യത്തിൽ.