കോട്ടയം: ലോകത്തിലെ ഏറ്റവും നീളം കൂടിയ മീശയുടെ ഉടമ ഇന്നലെ കോട്ടയത്ത് എത്തി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ നീളംകൂടിയ മീശയ്ക്ക് ഉടമയായ രാംസിംഗ് ചൗഹാനാണ് ഇന്നലെ കോട്ടയത്തെത്തിയത്.
രാജസ്ഥാൻ സ്വദേശിയായ രാംസിംഗ് കുടയംപടി തിരുവാറ്റയിൽ ആരംഭിക്കുന്ന ഹെയർ സ്റ്റൈലിംഗ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് എത്തിയത്. മീശക്കാരനെ കാണാൻ ഇന്നലെ ഏറെപ്പേരെത്തി. 19 അടി നീളമുള്ള മീശയാണ് ഇദ്ദേഹത്തിനുള്ളത്. രാജസ്ഥാനിൽ സർക്കാർ ഉദ്യോഗത്തിൽനിന്നു വിരമിച്ച ആളാണ് ജയ്പൂർ സ്വദേശിയായ രാംസിംഗ് ചൗഹാൻ. കൗമാരപ്രായത്തിന്റെ അവസാന നാളുകളിലായിരുന്നു രാംസിംഗ് മീശവളർത്താൻ തുടങ്ങിയത്. 1970 മുതൽ മീശ മുറിച്ചിട്ടില്ല.
2010ലാണ് തന്റെ മീശയുടെ നീളംകൊണ്ട് ഇദ്ദേഹം ഗിന്നസ് ബുക്കിൽ ഇടം നേടുന്നത്. അന്ന് 14 അടി നീളമുണ്ടായിരുന്ന മീശയുടെ ഇന്നത്തെ നീളം 19 അടിയാണ്. തന്റെ നീളൻമീശ കാരണം ഇറ്റലി, ജർമനി തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങാൻ തനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. നീളൻ മീശതന്നെയാണു രാംസിംഗിനെ കോട്ടയത്ത് എത്തിച്ചത്.
ഫേസ് ബുക്ക് വഴി പരിചയം സ്ഥാപിച്ച കടയുടമ ഉദ്ഘാടനം ചെയ്യാൻ രാംസിംഗിനെ കോട്ടയത്തേക്കു ക്ഷണിക്കുകയായിരുന്നു.