ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനെതിരേ കടുത്ത ആരോപണവുമായി സീരിയലില്‍ കേന്ദ്ര കഥാപാത്രമായ നീലിമയെ അവതരിപ്പിക്കുന്ന നടി നിഷാ സാരംഗ്. ഇനി സീരിയലില്‍ അഭിനയിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.സംവിധായകനായ ഉണ്ണികൃഷ്ണന് തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഫ്ളവേഴ്സ് ചാനലില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുമണിയ്ക്കാണ് ‘ഉപ്പും മുളകും’ സംപ്രേഷണം ചെയ്യുന്നത്.
ഉണ്ണികൃഷ്ണന് തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ പറഞ്ഞു.
സീരിയലിന്റെ സെറ്റില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന സംവിധായകന് ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നത് പതിവാണെന്നും അവര്‍ പറയുന്നു.അതേസമയം, തന്നെ വ്യക്തി പരമായും അധിക്ഷേപിച്ചതായും പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ വ്യക്തമാക്കുന്നു. വിഷയത്തില്‍ ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിഷ ഐഇ മലയാളത്തോട് പറഞ്ഞു. അതേസമയം, തന്നോടുള്ള ദേഷ്യം സീരിയലിലെ കഥാപാത്രത്തെ മോശമാക്കി ചിത്രീകരിച്ച് തീര്‍ക്കുകയാണെന്നും നിഷ ആരോപിക്കുന്നു. ‘ഉപ്പും മുളകിലും’ ഈ സംവിധായകനൊപ്പം തുടരാന്‍ തനിക്ക് കഴിയില്ലെന്നും നിഷ വ്യക്തമാക്കി. എന്തായാലും നിഷയുടെ അഭാവം സീരിയലിന് തിരിച്ചടിയാകുമോയെന്നാണ് ഇനി അറിയേണ്ടത്.