ഉപ്പള(കാസർഗോഡ് ): കാസർഗോഡ് ഉപ്പള നയാബസാറിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു. മംഗളൂരു കെ.സി.റോഡ് അജ്ജിലടുക്ക സ്വദേശികളായ ബീഫാത്തിമ (65), അസ്മ (30), നസീമ (38), മുസ്താഖ് (41), ഇംത്യാസ് (35) എന്നിവരാണു മരിച്ചത്.
കാസർഗോഡ്-മംഗളൂരു ദേശീയ പാതയിൽ ഉപ്പള താലൂക്ക് ആശുപത്രിക്കു മുന്നിലാണ് ഇന്നു പുലർച്ചെ നാടിനെ നടുക്കിയ അപകടം നടന്നത്. പട്രോളിങ്ങിലായിരുന്ന ഹൈവേ പൊലീസും അഗ്നിശമനസേനയും ചേർന്ന് ജീപ്പ് പൊളിച്ചാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വൻ ജനാവലി തടിച്ചുകൂട്ടിയിരുന്നു.
കർണാടക രജിസ്ട്രേഷൻ ജീപ്പ് കാസർഗോഡ് അടക്കം സിയാറത്ത് നടത്തി തിരിച്ചു പോകുന്നതിനടയിൽ അപകടത്തിൽപെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. മരിച്ചവരുടെ മൃതദേഹങ്ങൾ മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകി. മരിച്ചവർ ഒരേ കുടുംബത്തിൽ പെട്ടവരാണ്.