തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) എന്ന ഫേസ്ബുക്ക് കൂട്ടായ്മ മദ്യപാന പാർട്ടികളും സംഘടിപ്പിച്ചിരുന്നതായി എക്സൈസ് വകുപ്പ്.
ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിൻ ആയ തിരുവനന്തപുരം നേമം സ്വദേശി അജിത് കുമാറിന്റെ (40) വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മദ്യപാന പാർട്ടികളുടെ ടിക്കറ്റും എയർഗണ്ണും കണ്ടെത്തി. അജിത്തിനെതിരെ പുതിയ കേസ് എടുക്കുമെന്ന് എക്സൈസ് അറിയിച്ചു.
നേരത്തെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കുറ്റത്തിനു ജിഎൻപിസിക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു. എക്സൈസ് കമ്മീഷണറുടെ നിർദേശ പ്രകാരം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറാണു കേസെടുത്തത്.
മദ്യപാനത്തിനു പ്രോത്സാഹനം നൽകുന്ന തരത്തിലുള്ളതും പരസ്യപ്രചാ രണം നടത്തുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. അജിത് കുമാർ(40) ഒന്നാം പ്രതിയും അഡ്മിൻമാരിൽ ഒരാളായ വിനീത (33) രണ്ടാം പ്രതിയുമാണ്.