തൃശൂർ: പഠിക്കാൻ പോകുന്നവർ പഠിക്കണമെന്നും അതുകഴിഞ്ഞുമതി രാഷ്ട്രീയമെന്നും റിട്ട. ജസ്റ്റിസ് കെമാൽ പാഷ. കലാലയരാഷ്ട്രീയം കേരളത്തിൽ അപകടകരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. “എന്റെ തൂലിക’ സാഹിത്യകൂട്ടായ്മയുടെ വാർഷികാഘോഷ ചടങ്ങിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കലാലയ രാഷ്ട്രീയം നിയന്ത്രിക്കാൻ മാർഗമുണ്ടാകണം. നിയമമുണ്ടാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് കരുതുന്നത്. നന്നായി ചിന്തിച്ചും അടിയുറച്ചു വിശ്വസിച്ചും ഒരു പ്രസ്ഥാനം തനിക്കുവേണം എന്നുവരുന്പോൾ അതിലേക്ക് ഇറങ്ങാം. അതുവരെ സ്കൂളുകളിൽനിന്നും കലാലയങ്ങളിൽനിന്നും രാഷ്ട്രീയം മാറിനിൽക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഒരാളെ രാഷ്ട്രീയപ്രസ്ഥാനത്തിലേക്കു കൊണ്ടുവരാനോ, രാഷ്ട്രീയക്കാരനാക്കാനോ വിദ്യാഭ്യാസം കൊടുക്കുന്ന സ്ഥാപനമാണെങ്കിൽ അവിടെ രാഷ്ട്രീയത്തിന് പ്രസക്തിയുണ്ട്. പഠിക്കുന്നവർ രാഷ്ട്രീയംകൊണ്ടു നടന്നാൽ പഠിത്തവും രക്ഷിതാക്കളുടെ പരിശ്രമങ്ങളും വെറുതെയാകും.അഭിമന്യു ഒരു രാഷ്ട്രീയപ്രസ്ഥാനത്തിൽ വിശ്വസിച്ചു. അതിനുവേണ്ടി പ്രവർത്തിച്ചു.
ആ രാഷ്ട്രീയപ്രസ്ഥാനത്തിന് അവനെ രക്ഷിക്കാൻ കഴിഞ്ഞോ എന്ന് ചിന്തിക്കണം. പ്രസ്ഥാനത്തിന് ഒരു രക്തസാക്ഷിയെ കിട്ടി. കലാലയ രാഷ്ട്രീയത്തിലേക്ക് വർഗീയത വ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി.ജി. വിജയകുമാർ കെമാൽ പാഷയെ പൊന്നാടയണിയിച്ചു.