പത്തനാപുരം: കല്ലടയാറ്റില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കടുവാത്തോട് ഇടക്കടവ് പാലത്തിന് സമീപം ഇന്ന് രാവിലെ എട്ടോട് നാട്ടുകാരാണ് മൃതദേഹം കണ്ടത്. പാതിരിയ്ക്കല്‍ ചരുവിള പുത്തന്‍ വീട്ടില്‍ രവി ലീലാമ്മ ദമ്പതികളുടെ മകള്‍ രേഖ(21)യുടേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
പെണ്‍കുട്ടി ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പിടവൂര്‍ മുട്ടത്ത് കടവ് പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയത്.ശക്തമായ അടിയൊഴുക്കും,കല്ലടയാറ്റിലെ ഉയര്‍ന്ന ജലനിരപ്പുമാണ് രണ്ടു ദിവസമായി നടന്ന തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പിടവൂര്‍ ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിലെ സി സി ടി വി യിലുള്ള ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങളും പതിഞ്ഞിരുന്നു.ഇത് തന്റെ മകള്‍ തന്നെയെന്ന് രവിയും സ്ഥിരീകരിച്ചിരുന്നു.
ശനിയാഴ്ച്ച രാവിലെ പത്തോടെ മാതാവിനൊപ്പം പത്തനാപുരത്തെത്തിയ പെണ്‍കുട്ടി കുന്നിക്കോടുള്ള അമ്മൂമ്മയുടെ വീട്ടില്‍ പോകുകയാണെന്നും വൈകുന്നേരം തിരികെയെത്താം എന്നുപറഞ്ഞ് മാതാവിനെ ഇപ്പോള്‍ താമസിക്കുന്ന വാഴപ്പാറയിലെ വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നെന്നും പറയുന്നു.പത്തനാപുരത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് ബസ് കയറിയ പെണ്‍കുട്ടി പിടവൂര്‍ ജംഗ്ഷനില്‍ ഇറങ്ങി മുട്ടത്ത് കടവ് പാലത്തിലെത്തി കല്ലടയാറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം.
പെണ്‍കുട്ടി രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്ന്ന്ഇന്നലെരാവിലെ പത്തനാപുരം പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു.ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്ത് പെണ്‍കുട്ടി വീട്ടിലെഴുതി വച്ചിരുന്നതും വീട്ടുകാര്‍ കണ്ടെത്തിയിരുന്നു .ഇതും സംശയത്തിനിട നല്‍കിയിരുന്നു.
പിടവൂർ മുട്ടത്ത് കടവ് പാലത്തിൽ നിന്നും ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പെൺകുട്ടി ആറ്റിലേക്ക് ചാടിയത്.പിടവുർ ജംഗ്ഷനിലൂടെ ആരോടോ ദേഷ്യപെട്ട് ഫോണിൽ സംസാരിച്ച് വന്നതായും ഫോണും ബാഗും ആറ്റിലേക്ക് എറിഞ്ഞ ശേഷം പെൺകുട്ടിയും പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
ചാടാൻ ഒരുങ്ങുന്നത് കണ്ട് ഇതു വഴി ഇരുചക്ര വാഹനത്തിൽ വന്ന ദമ്പതികളും പെട്ടി ഓട്ടോ തൊഴിലാളിയും തടയാൻ എത്തിയെങ്കിലും പെൺകുട്ടി വേഗത്തിൽ എടുത്ത് ചാടുകയായിരുന്നുവെന്ന് പറയുന്നു.ആറ്റിൽ ചൂണ്ടയിട്ടിരുന്ന ആൾ പെൺകുട്ടി മുങ്ങി താഴുന്നത് കണ്ട് ആറ്റിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. ചുവന്ന നിറത്തിലുള്ള ചുരിദാറായിരുന്നു വേഷമെന്നും ദൃക്സാക്ഷികൾ പറയുന്നു.പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.