കൊല്ലം: അമൃത വിശ്വ വിദ്യാപീഠത്തിലെ മൂന്നു അവസാന വർഷ ബിടെക്ക് വിദ്യാർഥികൾ പ്രഫസറുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ സെൽഫ് ഡ്രൈവിങ് വീൽ ചെയർ വികസിപ്പിച്ചു.ഉപയോക്താവിനെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സ്വയം നിയന്ത്രണത്തിലൂടെ തടസങ്ങൾ ഒഴിവാക്കി സുരക്ഷിതമായി എത്തിക്കാൻ കഴിവുള്ള വീൽ ചെയറാണ് വികസിപ്പിച്ചിരിക്കുന്നത്.
സെൽഫ്-ഇ എന്ന് പേരിട്ടിരിക്കുന്ന വീൽ ചെയർ സ്വയം നാവിഗേഷനായി റോബോട്ടിക്ക് ഓപറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. സ്മാർട്ട്ഫോണ് ആപ്പിലൂടെ ലേസർ സെൻസർ ഉപയോഗിച്ച് ചുറ്റുപാടുമുള്ള സ്ഥലത്തേക്ക് നീങ്ങുന്നതും അല്ലാത്തതുമായ വസ്തുക്കളുടെ വിവരങ്ങൾ ഉൾപ്പടെയുള്ള ഒരു ഭൂപടം സ്വയം തയാറാക്കിയാണ് ഇത് സാധ്യമാക്കുന്നത്. ഉപയോക്താവ് മാപ്പിലെ ആവശ്യമുള്ള സ്ഥലത്ത് തൊടുന്പോൾ വീൽ ചെയർ തനിയെ അവിടേയ്ക്കു നീങ്ങുന്നു.
വില കൂടിയ സെൽഫ് ഡ്രൈവിങ് വീൽ ചെയറുകൾ ഇറക്കുമതി ചെയ്യാനാകുമെങ്കിലും അമൃതയിലെ വിദ്യാർഥികൾ വികസിപ്പിച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയിൽ താഴെ മാത്രം മാത്രം ചെലവു വരുന്നതാണ്. സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ വീൽ ചെയറിനെ ആശ്രയിക്കുന്ന രോഗികൾക്ക് ഈ ചെലവു കുറഞ്ഞ കസേരകൾ വലിയ അനുഗ്രഹമായിരിക്കും.
ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത് വിജയകരമായ ഒരു പ്രോട്ടോടൈപ്പ് ആണെന്നും അമൃത വിശ്വ വിദ്യാപീഠത്തിന് ഈ ഉൽപ്പന്നം വാണീജ്യതലത്തിലാക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അമൃത വിശ്വ വിദ്യാ പീഠം ഹ്യൂമണൈറ്റേറിയൻ ടെക്നോളജി ലാബിന്റെ ഡയറക്ടറും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. രാജേഷ് കണ്ണൻ മേഗലിംഗം പറഞ്ഞു.ചിന്ത രവി തേജ, ശരത് ശ്രീകാന്ത്, അഖിൽ രാജ് എന്നിവരാണ് സെൽഫ്-ഇ വീൽച്ചെയർ രൂപകൽപ്പന ചെയ്തത്.