കോഴിക്കോട്: രാജ്യദ്രോഹ കേസുകളിലെ പ്രതികൾ പങ്കെടുക്കുന്നുവെന്ന് ആരോപിച്ച കോഴിക്കോട്ട് നടക്കുന്ന കേരള സാഹത്യോത്സവത്തിന് തടയിടാൻ കേന്ദ്ര നീക്കം. ഡിസി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സാഹിത്യോത്സവത്തിൽ ദേശവിരുദ്ധ കേസുകളിലെയും പെൺവാണിഭ കേസിലെയും പ്രതികൾ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് സാഹിത്യോത്സവത്തിനെതിരേ കേന്ദ്രം രംഗത്തെത്തുന്നത്.
ഇതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പ് അനുവദിക്കുന്ന 20 ലക്ഷം രൂപ ഇനി മുതൽ നൽകേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്രം. സാഹിത്യോത്സവം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദിയാകുന്നുവെന്ന വിലയിരുത്തലിലാണ് ഫണ്ട് അനുവദിക്കുന്നത് നിർത്താൻ തീരുമാനമായത്. സാഹിത്യോത്സവത്തിനെതിരേ ബിജെപി നേതാക്കൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
സാഹിത്യോത്സവത്തിൽ ഇടത് സഹയാത്രികരെ മാത്രം പങ്കെടുപ്പിക്കുന്നുവെന്നും ആർഎസ്എസ്-ബിജെപി സഹയാത്രികരായ സാഹിത്യകാരന്മാരെ തഴയുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. സാഹിത്യോത്സവം എല്ലാവർക്കും അഭിപ്രായം പറയാനുള്ള വേദിയാകണമെന്ന ആവശ്യം നേരത്തെ ബിജെപി ഉയർത്തിയിരുന്നതുമാണ്.
എന്നാൽ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒരു പ്രവർത്തനവും നടക്കാത്ത സാഹിത്യോത്സവം ഈ വർഷവും നടത്തുമെന്ന് പ്രോഗ്രാം ഡയറക്ടർ കവി. കെ. സച്ചിദാനന്ദൻ രാഷ്ട്രദീപികയോട് പറഞ്ഞു. ഏത് തരത്തിലുള്ള വിയോജിപ്പുകൾ ഉയർന്നാലും സാഹിത്യോത്സവം 2019 ജനുവരിയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ടൂറിസം വകുപ്പിന്റെ ഫണ്ട് നിർത്തലാക്കിയതിനെ കുറിച്ച് ഔദ്യോഗിക വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡിസി രവി പറഞ്ഞു. സാഹിത്യോത്സവം ദേശവിരുദ്ധ പ്രവർത്തനത്തിന്റെ വേദിയായി മാറിയെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കാത്തതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു..
കഴിഞ്ഞ വർഷം സാഹിത്യോത്സവത്തിൽ കനയ്യകുമാർ, കെ.എസ്. ഭഗവാൻ, അരുദ്ധതി റോയ്, പ്രകാശ് രാജ്, ടീസ്ത സെതൽവാദ്, സുനിൽ പി ഇളയിടം, എം. മുകുന്ദൻ, എൻ.എസ്. മാധവൻ, കെ.ആർ. മീര, സാറാ ജോസഫ്, രാഹുൽ പശുപാൽ, മാവോയിസ്റ്റ് കേസിൽ പോലീസ് പ്രതിചേർത്ത് കോടതി വെറുതേ വിട്ട നദീർ എന്നിവർ പങ്കെടുത്തിരുന്നു.