വെള്ളമുണ്ട: കണ്ടത്തുവയലിൽ യുവദന്പതികൾ കൊല്ലപ്പെട്ട് മൂന്നു ദിവസമായിട്ടും കേസ് തെളിയിക്കുന്നതിനുള്ള സൂചന ലഭിക്കാതെ അന്വേഷണ സംഘം. കൊല നടത്തിയവരുടെ എണ്ണമോ രീതിയോ ഒന്നും തരിച്ചറിയാതെയാണ് മൂന്നാംദിവസവും അന്വേഷണം പിന്നിട്ടത്. വ്യാഴാഴ്ച രാത്രിയാണ് കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമ്മർ(26), ഭാര്യ ഫാത്തിമ(19)എന്നിവർ വെട്ടേറ്റു മരിച്ചത്.
ഇരട്ടക്കൊല മോഷണത്തിനിടെയാണെന്നു പോലീസ് വിശ്വസിക്കുന്നില്ല. കേവലം പത്തു പവന്റെ ആഭരണങ്ങൾ മാത്രമാണ് വീട്ടിൽനിന്നു നഷ്ടപ്പെട്ടത്. എന്നാൽ മറ്റൊരു കാരണം കണ്ടെത്താൻ പോലീസിന് കഴിയുന്നുമില്ല.മോഷണം, വ്യക്തിവൈരാഗ്യം, സംഘടനാവൈരാഗ്യം,ആളെ മാറിക്കൊലപ്പെടുത്തൽ എന്നിവയെല്ലാം കൊലപാതക കാരണമായേക്കാമെന്ന അവസ്ഥയിൽ മുൻവിധികളില്ലാതെയാണ് പോലീസ് അന്വേഷണം നീങ്ങുന്നത്.
തബലിഗ് ജമാഅത്ത് വിഭാഗത്തിൽ പെട്ട ഉമ്മറിന്റെ കുടുംബം ഇതര സംസ്ഥാന തൊഴിലാളികൾക്കുൾപ്പെടെ മതപഠന ക്ലാസുകൾ നടത്തുകയും പ്രദേശത്തെ മുസ്ലിം വീടുകളിൽ പ്രബോധനം നടത്തുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി ഒന്നരമാസം മുന്പ് മുസ്ലിം വിഭാഗങ്ങളിലെ ചിലർ പോലീസിൽ പരാതി നൽകുകയുണ്ടായി.
പോലീസിൽനിന്നു പരാതിക്കാനുകൂലമായ നടപടി ഉണ്ടാകാത്തത്തിനെത്തുടർന്നു കുടുംബത്തിനു ഭീഷണി ഉണ്ടായതായും ഇതുമായി ബന്ധപ്പെട്ട് കണ്ടത്തുവയലിൽ തർക്കം നടന്നതായും നാട്ടുകാർക്കിടയിൽ സംസാരമുണ്ട്. ഇക്കാര്യങ്ങൾ നിസാരമായി കാണാതെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് സംഭവം നടന്ന ദിവസത്തെ വിളികൾ പരിശോധിക്കുന്നുണ്ട്. കണ്ടത്തുവയലിലും സമീപങ്ങളിലുമുള്ള സിസി കാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളമെടുപ്പും ഇന്നലെയും തുടർന്നു. ആളുമാറി നടന്ന ക്വാട്ടേഷൻ കൊലയാണ് കണ്ടത്തുവയലിൽ നടന്നതെന്ന അഭിപ്രായവും നാട്ടുകാരിൽ ശക്തമാണ്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കൊല നടന്നതെന്നാണ് പോസ്റ്റുമോർട്ടത്തിൽ ലഭിച്ച പ്രാഥമിക വിവരം.
മൂർച്ചയേറിയ ആയുധമാണ് കൊലയ്ക്ക് ഉപയോഗിച്ചത്. സീൻ മഹസർ തയാറാക്കുന്നതിനു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു ഫോറൻസിക് സർജൻ ഇന്ന് ഉച്ചയോടെ കണ്ടത്തുവയലിലെത്തും. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ 30 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സിഐമാരും നാല് എസ്ഐ ഉൾപ്പെടുന്ന സംഘം ആറ് ഉപഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം തുടരുന്നത്.