അഴീക്കോട്: ലീഡർ കെ. കരുണാകരൻ സ്വയം ചരിത്രം സൃഷ്ടിക്കുവാനും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രമാകാനും ശ്രമിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒന്നാം സ്ഥാനീയനാണെന്നു കെപിസിസി ജനറൽ സിക്രട്ടറി പി.രാമകൃഷ്ണൻ. കെ. കരുണാകരൻ ജന്മശതാബ്ദിയോടനുബന്ധിച്ച് അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും ആധുനിക കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കു ലീഡർ എന്ന രാഷ്ടീയ നേതാവിന്റെ വ്യക്തിത്വത്തെ പഠിക്കാതെ മുന്നോട്ടുപോകാൻ സാധിക്കുകയില്ല. ഒരു ഉറച്ച തീരുമാനമെടുത്താൽ പിന്നെ അതിൽ നിന്നു പിന്തിരിപ്പിക്കുവാനോ മാറ്റം വരുത്തിക്കുവാനോ ഒരു ശക്തിക്കും സാധിക്കുമായിരുന്നില്ല.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയുമായി കേരളത്തിന്റെ ചരിത്ര ഗതികളെ സ്വാധീനിക്കുവാൻ ലീഡർക്കു കഴിഞ്ഞു. അജയ്യനായ രാഷ്ട്രീയ നേതാവെന്ന നിലയിൽ കേരള ജനതയുടെ മനസുകളിൽ ലീഡർ എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. അജിത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സിക്രട്ടറിമാരായ സി.രഘുനാഥ്, സുരേഷ് ബാബു എളയാവൂർ, ടി.ജയകൃഷ്ണൻ, സി.നാരായണൻ, കെ. ബാലകൃഷ്ണൻ, ടി.എം.മോഹനൻ, എ.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.