ലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എഎംഎംഎയില്‍ ജനാധിപത്യമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. വാര്‍ത്താ സമ്മേളനത്തില്‍ സംഘടനയുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ പറഞ്ഞത് പലതും കളവാണെന്നും പത്മപ്രിയ പറയാതെ പറഞ്ഞു. എഎംഎംഎയില്‍ ജനാധിപത്യമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ എന്തിനാണ് ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നത്.
മത്സരിക്കാന്‍ താല്പര്യമുള്ളവരെപ്പോലും പിന്തിരിപ്പിക്കും. മത്സരിക്കാനുള്ള താല്പര്യം പാര്‍വതി അറിയിച്ചിരുന്നു. സെക്രട്ടറിയോടാണ് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാല്‍ പാര്‍വതിയെ സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലയാളം വാര്‍ത്താ ചാനലിനോടാണ് പത്മപ്രിയ ഇക്കാര്യം പറഞ്ഞത്.
സംഘടനയില്‍നിന്നും രണ്ടു പേര് മാത്രമാണ് രാജിവച്ചതെന്ന മോഹന്‍ലാലിന്റെ വാദങ്ങളെയും പത്മപ്രിയ തള്ളി. നടിമാരായ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. റിമയും ഗീതു മോഹന്‍ദാസും ഇ-മെയില്‍ വഴിയാണ് രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് കിട്ടിയില്ല എന്നു പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. സ്കിറ്റ് തമാശയായി കാണണം എന്നു പറയുന്നതും അംഗീകരിക്കാനാവില്ല. സ്ത്രീകളെ അപമാനിക്കുന്നതായിരുന്നു അത്. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പത്മപ്രിയ പറഞ്ഞു.