കൊച്ചി: താരസംഘടനയായ അമ്മയിൽനിന്നു നടിമാരായ ഭാവനയും രമ്യാ നന്പീശനും രാജിവച്ച വിവരം അറിയിച്ചത് ഇ മെയിൽ മുഖാന്തിരമാണെന്നു അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. നാലു നടിമാർ രാജിവച്ചെന്നു പ്രഖ്യാപിച്ചെങ്കിലും മറ്റ് രണ്ടുപേരുടെ കത്ത് ഇതുവരെയായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമെൻ ഇൻ സിനിമാ കളക്ടീട് (ഡബ്ള്യൂസിസി) അംഗങ്ങളായ ഭാവനയ്ക്കും രമ്യയ്ക്കും പുറമേ റീമ കല്ലിങ്കൽ, ഗീതു മോഹൻദാസുമാണു രാജിവച്ചിരുന്നതായി പ്രഖ്യാപിച്ചിരുന്നത്.
നടി ആക്രമണത്തിന് ഇരയായ കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇവർ രാജി പ്രഖ്യാപിച്ചത്. അമ്മയുടെ നടപടിക്കെതിരേ കൂടുതൽ നടിമാർ ഉൾപ്പെടെ രംഗത്തെത്തുകയും വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധവും ഉയർന്നുവന്നതിനെത്തുടർന്ന്
അമ്മയുടെ അവയ്ലബിൾ എക്സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചേർന്നിരുന്നു. പ്രസിഡന്റ് മോഹൻലാന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയസൂര്യ, ആസിഫ് അലി, ടിനി ടോം, അജു വർഗീസ്, ബാബുരാജ്, രചന നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു. അമ്മ ജനറൽ ബോഡിക്കുശേഷം അരങ്ങേറിയ സംഭവങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു. ഒൗദ്യോഗികമായ എക്സിക്യൂട്ടീവ് യോഗം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചേരാമെന്ന് ധാരണയായി.
യോഗത്തിനുമുന്പായി എറണാകുളം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു കുറ്റം ആരോപിക്കപ്പെട്ട നടൻ ദിലീപ് അമ്മയ്ക്കു പുറത്തുതന്നെയാണെന്നു മോഹൻലാൽ വ്യക്തമാക്കിയിരുന്നു.
ദിലീപിനെ പുറത്താക്കിയ അവയിലബിൾ എക്സിക്യൂട്ടീവിന്റെ തീരുമാനം സംഘടനാപരമായി നിലനിൽക്കുന്നതല്ല. എങ്കിലും ഇപ്പോൾ തിരികെ വരാനില്ലെന്നു ദിലീപ് രേഖാമൂലം അറിയിച്ചിട്ടുള്ളതിനാൽ അദ്ദേഹമിപ്പോൾ സംഘടനയിൽ അംഗമല്ലെന്നും മോഹൻലാൽ പറഞ്ഞു.
നാലംഗങ്ങൾ രാജിവച്ചു എന്നു പറയുന്നെങ്കിലും രണ്ടുപേർ മാത്രമേ രാജിക്കത്ത് നൽകിയിട്ടുള്ളുവെന്നും ഇവർ തിരികെ വന്നാൽ സ്വീകരിക്കണമോ എന്നു തീരുമാനിക്കേണ്ടത് ജനറൽബോഡിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.