ചേർത്തല : കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ പേരിൽ വ്യാജമുക്ത്യാർ രജിസ്റ്റർ ചെയ്ത് ഭൂമി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഒന്നാംപ്രതി സെബാസ്റ്റ്യനെ ചേർത്തല കോടതി റിമാൻഡ് ചെയ്തു. രണ്ടാംപ്രതി ടി.മിനിയെ രണ്ട് ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമിക്കാൻ സഹായിച്ച പള്ളിപ്പുറം സ്വദേശിയെ പോലീസ് ഇന്നലെ അറസ്റ്റ്ചെയ്തു.
ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ബിന്ദുവിന്റെ പേരിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് മേട്ടുപ്പാളയം സ്വദേശി ഷണ്മുഖൻ മുഖേന തരപ്പെടുത്തിയതിനാണ് ചേർത്തല കെആർ പുരം പടിഞ്ഞാറെവെളി സി.തങ്കച്ച(54)നെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതോടെ 25 ദിവസത്തോളം ഒളിവിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ച എറണാകുളത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ആലപ്പുഴയിൽ തുടർച്ചയായി 10 മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് ഇന്നലെ വൈകുന്നേരം ചേർത്തല കോടതിയിൽ ഹാജരാക്കിയത്. ഇയാളെ അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ചൊവ്വാഴ്ച കോടതിയെ സമീപിക്കും.
കേസിലെ രണ്ടാംപ്രതി ടി.മിനിയെ കൂടുതൽ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന കുത്തിയതോട് സിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ വ്യാജ എസ്എസ്എൽസി ബുക്കുമായി ബന്ധപ്പെട്ട് കേസിൽ തെളിവെടുപ്പിനായാണ് മിനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.
അതിനിടെ സെബാസ്റ്റ്യനെ ഒളിവിൽപോകാൻ സഹായിച്ചതിന് അറസ്റ്റിലായ ബന്ധു ഏറ്റുമാനൂർ സ്വദേശി എം.ബോണിക്ക് കോടതി ജാമ്യം അനുവദിച്ചു. വ്യാജ ലൈസൻസ് കേസിൽ പിടിയിലായ തങ്കച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സെബാസ്റ്റ്യന്റെ ബിസിനസ് പങ്കാളിയും ബന്ധുവുമായ ഒളിവിലുള്ള ഷാജി ജോസഫിനായി പോലീസ് തെരച്ചിൽ സജീവമാക്കിയിട്ടുണ്ട്. സെബാസ്റ്റ്യനെ ഒളിവിൽ കഴിയുവാൻ സഹായിച്ച ബോണിയുടെ കണ്ണൂരിലെ മൂന്ന് സുഹൃത്തുക്കളും ഒളിവിലാണ്.
വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമിച്ച മേട്ടുപ്പാളയം സ്വദേശി ഷണ്മുഖനെ പിടികൂടുന്നതിന് പോലീസ് തമിഴ്നാട്ടിലേക്ക് തിരിച്ചു. എറണാകുത്തെ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങൾക്ക് മുന്പ് ബിന്ദു ചികിത്സ തേടിയിരുന്നുവെന്ന സെബാസ്റ്റ്യന്റെ മൊഴി ശരിയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസ് അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് പോലീസ് ശ്രമം. ചേർത്തല ഡിവൈഎസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിലാണ് അതുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം. സമാന്തരമായി തിരോധാനക്കേസ് ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ നസീമിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നു.