തൃശൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം ക്ലൈമാക്സിനോടടുക്കുന്പോൾ തൃശൂരിൽ പുലിക്കളി ഒരുക്കങ്ങൾക്ക് കിക്കോഫ്. ഇത്തവണ പുലിക്കളിക്കെത്തുന്ന ടീമുകളിൽ പലരും പടുകൂറ്റൻ ഫ്ലക്സ് ബോർഡുകളുയർത്തി തങ്ങളുടെ വരവറിയിച്ചുകഴിഞ്ഞു.
ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ടീമുകൾ നാലോണനാളിലെ പുലിക്കളിക്കുണ്ടാകുമെന്നാണ് സൂചനകൾ. പുലിക്കളി ഒരുക്കങ്ങൾക്ക് മുന്നോടിയായി മേയർ അജിത ജയരാജൻ വിളിച്ചു ചേർത്ത ആലോചനയോഗത്തിൽ ഏഴു ടീമുകളുടെ പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ വർഷം ആറു ടീമുകളാണ് പുലിക്കളിക്കുണ്ടായിരുന്നത്.
പുലിക്കളിക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 10ന് അവസാനിക്കും. 19ന് വിപുലമായ സംഘാടക സമിതി ചേരും. നായ്ക്കനാൽ, വിയ്യൂരിൽ നിന്ന് രണ്ടു ടീമുകൾ, കോട്ടപ്പുറത്തു നിന്ന് രണ്ടു ടീമുകൾ, അയ്യന്തോൾ, തൃക്കുമാരംകുടം എന്നിവ ഇത്തവണ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
ആലോചനയോഗം മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ബീന മുരളി അധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, എം.എൽ.റോസി, ജോണ്ഡാനിയേൽ, വി.രാവുണ്ണി തുടങ്ങിയവർ പങ്കെടുത്തു.
കോർപറേഷന്റെ ധനസഹായ വിഹിതം ഒന്നരലക്ഷമെന്നത് വർധിപ്പിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത പുലിക്കളി ടീമുകൾ ആവശ്യപ്പെട്ടു. ടൂറിസം വകുപ്പ് കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഒരുലക്ഷം രൂപയുടെ ധനസഹായം ലഭിച്ചില്ലെന്ന പരാതിയും യോഗത്തിലുയർന്നു. ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും അധികൃ തർ ടീമുകൾക്ക് ഉറപ്പുനൽകി.