കാഞ്ഞിരപ്പുഴ: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരപ്പുഴയിൽ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനു വ്യൂപോയിന്റ് ഒരുങ്ങുന്നു. കാഞ്ഞിരപ്പുഴ-പാലക്കയം റോഡിൽ ഡാം പള്ളിക്കു മുൻവശത്തായാണ് ആധുനികരീതിയിൽ വ്യൂപോയിന്റ് നിർമിക്കുന്നത്.
സഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകുന്ന വ്യൂപോയിന്റിൽ കയറിനിന്നാൽ ഡാമിന്റെ അറുപതുശതമാനം പ്രദേശവും കാണാനാകും. അട്ടപ്പാടി ചുരം, ജില്ലയ്ക്കു പുറത്തുള്ള ഡാമുകൾ എന്നിവിടങ്ങളിലാണ് നിലവിൽ വ്യൂപോയിന്റുകൾ ഉള്ളത്.
കാഞ്ഞിരപ്പുഴ ഡാം നവീകണത്തിന്റെ ഭാഗമായാണ് വ്യൂപോയിന്റ് നിർമിക്കുന്നത്. ഇതിനായി രണ്ടുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് നിർമാണകന്പനി പറയുന്നത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന വ്യൂപോയിന്റ് നിർമിക്കുന്നതോടെ മേഖലയുടെ വികസനത്തിനും അതുവഴിവയ്ക്കും.
നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിൽ ചുറ്റുമതിൽ നിർമാണം, ഷട്ടർ നവീകരണം, ചെളിനീക്കൽ എന്നീ പ്രവൃത്തികളാണ് നടക്കുന്നത്. വ്യൂപോയിന്റ് വരുന്നതോടെ സഞ്ചാരികൾക്ക് ഡാമിനകത്ത് കയറാതെ തന്നെ ഡാം സൗന്ദര്യം ആസ്വദിക്കാനാകും. വികസനമുരടിപ്പ് നേരിടുന്ന കാഞ്ഞിരപ്പുഴ ഡാമിനും പദ്ധതി ഏറെ ഗുണകരമാകും.