ചിറ്റൂർ: അതിർത്തി ചെക്ക്പോസ്റ്റ് വഴി തമിഴ്നാട്ടിൽനിന്നും ഉൗടുവഴികളിലൂടെ കഞ്ചാവ് കടത്തുന്നത് വ്യാപകമായെന്നു പരാതി. എക്സൈസ് റേഞ്ച് ഓഫീസുകളിൽ ജീവനക്കാർ, വാഹനങ്ങൾ എന്നിവയുടെ കുറവും കഞ്ചാവു കടത്തു തടയുന്നതിനു വിഘാതമാകുകയാണ്.
പഴനി, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നുള്ള ബസുകളിലൂടെയാണ് കഞ്ചാവു കടത്തുന്നത്. പ്രായം കുറഞ്ഞ യുവാക്കളാണ് ഇതിനു തുനിഞ്ഞിറങ്ങുന്നത്. ചിറ്റൂർ താലൂക്കിന്റെ അതിർത്തി ചെത്ത്പോസ്റ്റിലൂടെ കടത്തുന്ന കഞ്ചാവ് മധ്യകേരളം വരെയെത്തും.
തമിഴ്നാട്ടിൽനിന്നും ഇരുചക്രവാഹനം, ടെന്പോ, പെട്ടി ഓട്ടോറിക്ഷ എന്നിവ വഴിയാണ് പ്രധാനമായും കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് ചില്ലറയായി വില്ക്കുന്നവരുടെ വിവരം നാട്ടുകാർ നല്കിയാലും നടപടിയുണ്ടാകാറില്ലത്രേ. വാഹനസൗകര്യമില്ലാത്തതിനാൽ അധികൃതർക്ക് പലപ്പോഴും സ്ഥലത്തെത്താൻ കഴിയാറില്ലത്രേ.
കഴിഞ്ഞമാസം പുതുനഗരം വിരിഞ്ഞപ്പാടത്ത് റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ചനിലയിലും മറ്റൊരാളെ പരിക്കേറ്റ നിലയിലും കണ്ടെത്തി. വിദ്യാർഥിയുടെ വസ്ത്രത്തിൽനിന്നും കഞ്ചാവുപൊതികളും 3000 രൂപയും കണ്ടെത്തിയിരുന്നു.