കൊല്ലം: സംസ്ഥാനത്ത് കാര്‍ഷിക സമൃദ്ധി ഉറപ്പാക്കാനായി കാര്‍ഷിക കര്‍മസേനയുടെ പ്രവര്‍ത്തനം എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം കോര്പറേഷന് കാര്‍ഷിക കര്‍മസേനയ്ക്കായി ഏര്‍പ്പെടുത്തിയ യന്ത്രങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇരുന്നൂറ് കാര്‍ഷിക കര്‍മസേനകള്‍ കൂടി പുതുതായി രൂപീകരിക്കുകയാണ്. സേനകളുടെ പരിശീലനത്തിനായി 10 ലക്ഷം രൂപ വീതം നല്‍കും. പഞ്ചായത്തു തോറും സസ്യാരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ബ്ലോക്ക് തലത്തില്‍ ആഗ്രോ സര്‍വീസ് സെന്ററുകളും തുറക്കും.
വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കാന്‍ പഞ്ചായത്ത്തലത്തില്‍ എക്കോ ഷോപ്പുകള്‍ വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നു. കീടനാശിനി ഉപയോഗം പകുതിയലധികം കുറയ്ക്കാനായിട്ടുണ്ട്. കീടനാശിനികള്‍ കണ്ടെത്താനുള്ള ലാബ് സൗകര്യം ഒരുക്കിയതുവഴിയാണ് നിയന്ത്രണം സാധ്യമാക്കാനായത്.
നെല്‍കൃഷി 2,20,000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനും ഉദ്പാദനം 80,000 മെട്രിക്ക് ടണ്ണായി ഉയര്‍ത്താനും സംസ്ഥാനത്തിന് കഴിഞ്ഞു. പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി വിജയിപ്പിക്കാന്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇക്കൊല്ലം ഒരു കോടി വിത്തുകള്‍ വിതരണം ചെയ്തു.
പച്ചക്കറി വിളയിക്കുന്നതിനായി 42 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വിത്തു വിതരണം ചെയ്തു. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന് രണ്ടു കോടി വിത്തുകളും നല്കി. കുടുംബശ്രീയുമായി ചേര്‍ന്നുള്ള ഗ്രാമചന്തകളിലൂടെ വിഷമില്ലാത്ത പച്ചക്കറി വിപണനം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
ആധുനിക കൃഷി രീതികള്‍ കൂടി നടപ്പിലാക്കി കാര്‍ഷികരംഗം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷനായി. കാര്‍ഷിക കര്‍മസേനയുടെ രൂപീകരണത്തിലൂടെ കൃഷിവ്യാപനവും കൃഷിയോടുള്ള ആഭിമുഖ്യവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കോര്പ്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.എ. സത്താര്‍, എസ്. ഗീതാകുമാരി, ഡി. സുജിത്ത്, ചിന്ത എല്‍. സജിത്ത്, വി.എസ്. പ്രിയദര്ശന്, ഷീബ ആന്റണി, മറ്റു ജനപ്രതിനിധികള്‍, കോര്പറേഷന് സെക്രട്ടറി വി.ആര്. രാജു, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്. നജീബ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ വി. ജയ, എസ്. അംബിക, ആര്. രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.