മുക്കം: ഹരിയാനയിൽ ജോലി ചെയ്തിരുന്ന ഹവിൽദാരുടെ തിരോധാനത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ.ചാത്തമംഗലം വെള്ളലശേരി പൊൽ പണത്തിൽ ഷിജു (37) വിന്റെ തിരോധാനത്തിലാണ് ദുരൂഹതയുള്ളത്.സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ ,കോഴിക്കോട് ജില്ലാ കലക്ടർ, എം.കെ. രാഘവൻ എംപി, ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും ഒന്നര മാസമായിട്ടും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
2018 മാർച്ച് 8 നാണ് ഷിജു അധികം സംസാരിക്കുന്നില്ലന്ന് പറഞ്ഞ് ലെഫ്റ്റനന്റ് കേണൽ മിശ്രയുടെ ഫോൺ വീട്ടിലേക്ക് വരുന്നത്. അന്ന് തന്നെ ഷിജുവിന്റെ സഹോദരൻ ഷിജു ജോലി ചെയ്യുന്ന ഹരിയാനയിലെ അമ്പാലയിലേക്ക് പോവുകയും ചെയ്തു. ആദ്യം ലീവ് അനുവദിക്കാക്കാമെന്ന് വകുപ്പ് അറിയിച്ചിരുന്നങ്കിലും പിന്നീട് ലീവ് നൽകിയില്ലന്നും മാർച്ച് 11ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായും ഭാര്യ നീതു പറഞ്ഞു.
തുടർന്ന് 28 ദിവസത്തെലീവിന് നാട്ടിലെത്തിയ ഷിജു മെയ് 1ന് തിരിച്ചു പോയി. മേയ് 28ന് ചണ്ഡീഗഡിലെ കമാന്റിംഗ് ആശുപത്രിയിൽ നിന്ന് ഡെൽഹിയിലെ ബെയ്സ് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു. ഈ യാത്രയിൽ ഷിജുവിനെ കാണാതായതായാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്.
റെയിൽവേ സ്റ്റേഷനിൽ വച്ച് ഓടിപ്പോയതായാണ് വീട്ടുകാരെ അറിയിച്ചത്. എന്നാൽ ഇത് വീട്ടുകാർ വിശ്വസിക്കുന്നില്ല. അന്ന് രാത്രി 10.56 ന് ഷിജു തന്നെ വിളിച്ചിരുന്നതായി ഭാര്യ പറയുന്നു. ലോഡ്ജിലാണ് താമസമെന്നും കൂടെ 2 ഗാർഡുമാരും ഒരു രോഗിയും ഉണ്ടായിരുന്നതായും അറിയിച്ചതായി നീതു പറഞ്ഞു.
ലോഡ്ജിൽ താമസിച്ചത് നിയമ വിരുദ്ധമാണന്നും ഒരു രോഗിക്ക് ഒരു കമന്റിംഗ് ഓഫീസറും 2 ഗാർഡുമാരും വേണമെന്നാണ് നിയമമെന്നും ഭാര്യ പറയുന്നു. കാലിന് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് നിൽക്കുന്ന ഷിജു ഒരിക്കലും ഓടി രക്ഷപ്പെടില്ലന്നും ഇവർ ഉറച്ച് വിശ്വസിക്കുന്നു.
മേയ് 28ന് കാണാതായതായി പറയുന്ന ആളെ കുറിച്ച് ജൂൺ 13ന് മാത്രമാണ് പരാതി നൽകിയതെന്നും 28ന് കാണാതായതായി പറയുന്ന ഷിജു 29 ന് തന്റെ എടിഎം വഴി 5000 രൂപ പിൻവലിച്ചതായും ഭാര്യ നീതു പറഞ്ഞു. അത് കൊണ്ട് തന്നെ ഭർത്താവിന്റെ തിരോധാനത്തിൽ വലിയ ദുരൂഹതയുള്ളതായി ഇവർ സംശയിക്കുന്നു.
പുതിയ ജോലി സ്ഥലത്ത് എത്തിയതിന് ശേഷമാണ് ഷിജുവിന് അസുഖം തുടങ്ങിയതെന്ന് അമ്മയും പറഞ്ഞു. മകൻ തിരിച്ച് വരുന്നതും കാത്ത് അച്ഛൻ മാധവനും അമ്മ കോമളവല്ലിയും ഭർത്താവിനെ കാത്ത് ഭാര്യ നീതുവും അച്ഛനെ കാത്ത് മകൾ ദ്രുതയും തോരാ കണ്ണീരുമായി കാത്തിരിക്കുകയാണ്