കണ്ണൂർ: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കായി റെയ്ഡ് തുടരുന്നു. കേസിലെ മുഖ്യപ്രതി കണ്ണൂരിൽ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ജില്ലയിൽ പരിശോധന ശക്തമാക്കിയത്. ഇരിട്ടി, കൂത്തുപറന്പ്, പാപ്പിനിശേരി, തലശേരി ഭാഗങ്ങളിലാണ് റെയ്ഡ്.
ഇന്നലെ മാത്രം നഗരത്തിൽ ഇരുപത് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് മുൻകരുതലായി അറസ്റ്റ് ചെയ്തു. ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു കണ്ണൂർ നഗരത്തിൽ റെയ്ഡിനു നേതൃത്വം നൽകുന്നത്.
തായത്തെരു, ചാലാട്, സിറ്റി, അതിരകം, കണ്ണൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നാണ് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ കേന്ദ്രങ്ങളിൽ നിന്നും രഹസ്യമായി സൂക്ഷിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തലശേരി ഒ.വി റോഡിലെ എസ്ഡിപിഐ കേന്ദ്രത്തോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് മിന്നല്‍ റെയ്ഡ് നടത്തി. ഇന്നലെ ടൗണ്‍ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എസിഡിപിഐയുടെ ജീവകാരുണ്യപ്രവര്‍ത്തന കേന്ദ്രത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്ഫോടക വസ്തുക്കള്‍ക്കും ആയുധങ്ങള്‍ക്കുമായി റെയ്ഡ് നടത്തിയത്.എന്നാല്‍ റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.