ബാങ്കോക്ക്: നിങ്ങളുടെ ധൈര്യത്തിനും പ്രതിബദ്ധതയ്ക്കും ലോക ജനതയുടെ വലിയ സല്യൂട്ട്. 12 കുട്ടികളുള്‍പ്പെടെ 13 പേരെ തായ്ലന്ഡിലെ താം ലുവാംഗ് ഗുഹയില്‍ നിന്ന് സൈനികര്‍ രക്ഷപ്പെടുത്തിയത് സ്വന്തം ജീവന്‍പോലും അവഗണിച്ച്. കൂരിരുട്ടിലൂടെ ഗുഹയിലെ വെള്ളക്കെട്ടിലൂടെ അവരുടെ പ്രയാണം നെഞ്ചിടിപ്പോടെയേ കേള്‍ക്കാന്‍ സാധിക്കൂ.
മുങ്ങാങ്കുഴിയിട്ടും നീന്തിയും അവര്‍ മുന്നോട്ടു പോയി. ഒരാള്‍ക്ക് കഷ്ടിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്ന ഇടങ്ങളുള്ള ഗുഹാഭാഗത്ത് പാറയില്‍ നിരങ്ങി, ദേഹമുരസിയാണ് മുന്നോട്ടും പിന്നോട്ടും അവര്‍ നീങ്ങിയത്. ഇങ്ങനെ നാലു കിലോമീറ്റര്‍ ദൂരമാണ് അവര്‍ പിന്നിട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ദൗത്യ സംഘം കൃത്യമായ രക്ഷാ പദ്ധതി തയാറാക്കിയിരുന്നു. ഓരോ ദിവസവും ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കുന്നതിനു മുമ്പ് മുങ്ങല്‍ വിദഗ്ധരും സൈന്യവും യോഗം കൂടിയിരുന്നു.
പ്രതിബന്ധങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്തു. വളരെയധികം ബുദ്ധിമുട്ടേറിയതും ജീവനുതന്നെ ഭീഷണിയായേക്കാവുന്നതുമായ പ്രശ്നങ്ങളും സധൈര്യം നേരിടാമെന്ന ഉറച്ച വിശ്വാസമാണ് ഇത്തരത്തിലൊരു വിജയം കൈപ്പിടിയിലൊതുക്കാന്‍ കാരണമായത്.
കുട്ടികള്‍ക്ക് അടുത്തേക്ക് എങ്ങനെയും പോകാം. എന്നാല്‍, അവരുമായി മടങ്ങിവരുന്നതിനേക്കുറിച്ചായിരുന്നു വലിയ ആശങ്ക. ഗുഹയിലൂടെയുള്ള നീന്തലിനിടെ കുട്ടികള്‍ ഭയന്നുപോകുമോ എന്നവര്‍ ശങ്കിച്ചു. കുട്ടികളില്‍ ആര്‍ക്കും നീന്തല്‍ പരിചയമില്ലാത്തതും വെല്ലുവിളിയായി. സഹപരിശീലകനു മാത്രമായിരുന്നു നീന്തല്‍ വശമുണ്ടായിരുന്നത്.
മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക്, ഹെല്‍മറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തല്‍ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവര്‍.
ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റര്‍ ദൂരത്തില്‍ വലിച്ചുകെട്ടിയ 8 മില്ലീമീറ്റര്‍ കനമുള്ള ഇളകാത്ത കേബിള്‍ ആയിരുന്നു ദൗത്യസംഘാംഗങ്ങള്‍ക്കുള്ള വഴികാട്ടി. ഇതില്പിടിച്ചാണ് കുട്ടികളുമായി മുങ്ങല്‍ വിദഗ്ധര്‍ ഗുഹാമുഖത്തേക്കെത്തിയത്.
മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്സിജന്‍ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി പ്രത്യേക ലോക്കും ചങ്ങലയും ഉപയോഗിച്ച് കുട്ടിയെ ബന്ധിപ്പിച്ചു. കുട്ടികള്‍ അപാര ധൈര്യശാലികളാണെന്ന് സൈനികര്‍ പറഞ്ഞു.
കൃത്യമായ ഗൃഹപാത്തിനു ശേഷം ഗുഹയിലെത്തിയ വിദഗ്ധര്‍ മൂന്നു ദിവസം കൊണ്ടാണ് മൂന്നു ഗ്രൂപ്പുകളായി കുട്ടികളെ പുറത്തെത്തിച്ചത്, അതും ആര്‍ക്കും ഒരു പോറല്‍പോലും ഏല്ക്കാതെ. ജൂണ്‍ 23നാണ് ഉത്തര തായ്ലന്ഡില് താം ലുവാംഗ് ഗുഹയില്‍ 12 കുട്ടികളും അവരുടെ ഫുട്ബോള്‍ പരിശീലകനും കയറിയത്.
11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികള്‍. 18 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായത്. രക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുന്‍ ഉദ്യോഗസ്ഥന് സമന് കുനോന്ത് (38) മരിച്ചതു നൊമ്പരമായി.
ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ഓക്സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീര്‍ന്നാണു നീന്തല്‍ വിദഗ്ധനായ സമന് കുനോന്ത് മരിച്ചത്. ലോകം അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിച്ചു.
ചേമ്പറുകള്‍
ഗുഹയ്ക്കുള്ളിലെ ഉയര്‍ന്നതും വിശാലവുമായ പ്രദേശത്തെ അവര്‍ ചേമ്പര്‍ എന്നു വിളിച്ചു. കുട്ടികളെ രക്ഷിച്ചുകൊണ്ടുവരുന്ന വഴി ചേമ്പര്‍ ഒന്നിലും രണ്ടിലും അവരെ കയറ്റിയിരുത്തി. മുങ്ങല്‍ വിദഗ്ധരും ഇവിടെയാണ് വിശ്രമിച്ചത്.
ആദ്യ സംഘത്തെ എത്തിച്ചതിനൊപ്പം രണ്ടു കുട്ടികളെ ചേമ്പര്‍ രണ്ടിലെത്തിച്ചിരുന്നു. ഇവര്‍ ആ രാത്രി ഒറ്റയ്ക്കാണ് അവിടെ കഴിഞ്ഞത്. ഗുഹാമുഖത്തുനിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അകലെയാണ് ചേമ്പര്‍ രണ്ട്.
ഗുഹയുടെ മൊത്തം ദൂരം 10.32 കിലോമീറ്ററാണ്.