റാന്നി കൊറ്റനാട് പന്നികുന്നില്‍ പി. കെ. രാജശേഖരന് നായരുടെ മകള്‍ പാര്‍വതി പി. രാജിന്റെ (ശ്രീജ – 26) ദുരൂഹമരണം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം.
ജൂണ്‍ 24 ന് പുലര്‍ച്ചെയാണ് പാർവതിയെ വീട്ടു മുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ അന്നു തന്നെ പെരുമ്പെട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. എംടെക് ബിരുദ ധാരിയായ പാര്‍വതി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
23 ന് രാത്രിയിലും അവര്‍ സന്തോഷവതിയായിരുന്നു. രാത്രിയില്‍ പാര്‍വതിയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് യുവാക്കള്‍ അയച്ച സന്ദേശങ്ങള്‍ സംശയമുണര്‍ത്തുന്നതായും പരാതിയില്‍ പറയുന്നു. ഇത് പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ശാസ്ത്രീയമായ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പോലീസ് അന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. അന്വേഷണം ഊർജിതമാക്കിയില്ലെങ്കില്‍ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.കൊറ്റനാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മനോജ്ചരളേല്‍ അധ്യക്ഷത വഹിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം. എസ്. സുജാത(കൊറ്റനാട്), തോമസ് തമ്പി (അയിരൂര്‍), ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. റ്റി. സുധ, റ്റി. റ്റി. തോമസുകുട്ടി, റേച്ചല്‍ കുരുവിള, പ്രദീപ് അയിരൂര്‍, വിവിധ സംഘടനാ പ്രതിനിധികളായ പ്രകാശ് പി.സാം, ജി. മഹേഷ്, പി. ആര്. സുരേഷ്കുമാര്‍, ജി. അരവിന്ദബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.