പന്തളം: ശബരിമല തീർഥാടന കാലത്ത് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തുന്ന തീർഥാടകരുടെ സൗകര്യത്തിനായി പുതിയ പാർക്കിംഗ് സ്ഥലം വാങ്ങാനുള്ള ശ്രമം ദേവസ്വം ബോർഡ് ഉപേക്ഷിച്ചതായി സൂചന. വില സംബന്ധിച്ച് ധാരണയിലെത്താത്തതാണ് കാരണമെന്ന് പറയുന്നു. മണികണ്ഠനാൽത്തറയ്ക്ക് എതിർവശം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള 68 സെന്റ് സ്ഥലമാണ് ദേവസ്വം ബോർഡ് വാങ്ങാനായി തീരുമാനിച്ചിരുന്നത്.
അഞ്ചു കോടി രൂപയാണ് സ്ഥലമുടമ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, റവന്യു വകുപ്പിന്റെ പരിശോധനയിൽ ചട്ടപ്രകാരം 3.35 കോടി രൂപ മാത്രമാണ് വില നിർണയിച്ചിരുന്നത്. ശേഷിക്കുന്ന തുക നിയമപ്രകാരം ദേവസ്വം ബോർഡിന് വിനിയോഗിക്കാനാവില്ല. നേരത്തെ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇതിനുള്ള പോംവഴികൾ ആരാഞ്ഞിരുന്നു.
വലിയ കോയിക്കൽ ക്ഷേത്രോപദേശകസമിതി ശേഷിക്കുന്ന തുക സ്വരൂപിച്ച് നല്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നതാണ്. അയ്യപ്പന് ഒരു പിടി മണ്ണ് എന്ന പേരിൽ പദ്ധതിയും അവർ ആവിഷ്കരിച്ചിരുന്നെങ്കിലും ഫണ്ട ് സ്വരൂപണം നടന്നില്ല. പൊതുവെ സാന്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സ്ഥിതിയിൽ ഭീമമായ തുക സ്വരൂപിക്കുകയും ഒടുവിൽ സ്ഥലം ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലേക്ക് മാറുമെന്നതും തുക സ്വരൂപിക്കാനുള്ള കാലതാമസവുമാണ് ഉപദേശകസമിതി പിൻമാറാൻ കാരണമെന്നാണ് സൂചന.
ദേവസ്വം ബോർഡ് അംഗം കെ.രാഘവൻ ഇക്കാര്യത്തിൽ കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും എന്നാൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ തുക കണ്ടെ ത്താനുള്ള ബുദ്ധിമുട്ടാണ് പദ്ധതിയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചതെന്നും ഉപദേശകസമിതി പ്രസിഡന്റ് ജി.പൃഥിപാൽ പറഞ്ഞു. മറ്റ് മാർഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് പുതിയ പാർക്കിംഗ് സ്ഥലം വാങ്ങാനുള്ള പദ്ധതിയിൽ നിന്ന് ബോർഡും പിന്നോക്കം പോയതെന്നും അറിയുന്നു.