ഗാന്ധിനഗർ: ഡോക്ടർ സ്ഥലം മാറിയിട്ടും ചീട്ടിൽ പേരു മാറുന്നില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവി ആയിരുന്ന ഡോ.രാജു ജോർജ് കളമശേരി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറിയിട്ട് ഒന്നര മാസം പിന്നിടുന്നു.
എന്നാൽ ഈ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യപ്പെടുന്പോൾ യൂണിറ്റ് ഒന്നിലെ മേധാവിയെന്ന നിലയിൽ കേസ് ഷീറ്റിൽ എഴുതുന്ന പേര് ഡോ.രാജു ജോർജിന്റേത് തന്നെ. കാർഡിയോളജി വിഭാഗത്തിൽ രണ്ടു യൂണിറ്റാണ് ഉള്ളത്. ഒന്ന് വകുപ്പ് മേധാവിയും രണ്ടാമത്തേത് ഡോ.വി.എൽ ജയപ്രകാശ് മാണ്.
നിലവിലെ മേധാവി സ്ഥലംമാറിയ ശേഷം വകുപ്പ് മേധാവിയായി ഡോ.വി എൽ ജയപ്രകാശ് ചുമതലയേറ്റു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ ജയപ്രകാശ് തുടർന്നിരുന്ന ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തന്നെ ഒ.പി തുടരുവാൻ അദേഹം തീരുമാനിച്ചു.
സാധാരണ നിലയിൽ വകുപ്പ് മേധാവികൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഒ.പി യിൽ രോഗികളെ നോക്കുന്നത്. എന്നാൽ വർഷങ്ങളായി ഡോ.ജയപ്രകാശിന്റെ ചികിത്സ തേടിയെത്തുന്നവർ, അദ്ദേഹത്തിന്റെ ഒ.പി ദിവസം കണക്കാക്കിയാണ് ആശുപത്രിയിലെത്തുന്നത്. അതിനാൽ മേധാവി ആയെങ്കിലും ഒ പി ദിവസങ്ങളിൽ മാറ്റം വരുത്തേണ്ടെന്ന് തിരുമാനിക്കുകയായിരുന്നവെന്ന് ഡോ ജയപ്രകാശ് രാഷ്ടദീപികയോടു പറഞ്ഞു.
അഡിമിഷൻ ബുക്ക് എഴുന്നവർക്ക് വകുപ്പ് മേധാവി സ്ഥലം മാറിപ്പോയ വിവരം ഓഫീസിൽ നിന്ന് രേഖാമൂലം നല്കിയിട്ടില്ല. അതിനാൽ അവർക്ക് പഴയ ഡോക്ടറുടെ പേര് ഏഴുതുകയേ നിർവാഹമുള്ളു. എന്നാൽ സൂപ്രണ്ട് ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് പറ്റിയ വീഴ്ചയാണ് സ്ഥലം മാറിപ്പോയ ഡോക്ടർ രോഗികളെ ചികിത്സിക്കുന്നുവെന്ന് ധാരണയിൽ ആശുപത്രി രേഖകളിൽ എഴുതി കൊണ്ടിരിക്കുന്നതെന്നും അത് ഉടൻ തന്നെ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.
ചികിത്സാ സംബന്ധമായ സർട്ടിഫിക്കറ്റ് രോഗിക്ക് ആവശ്യമായി വരുന്പോൾ ചീട്ടിലെ ഡോക്ടറുടെ പേര് മാറിപ്പോകുന്നത് പ്രശ്നമാവും. ചികിത്സിക്കുന്നത് ഒരു ഡോക്ടറും ചീട്ടിൽ മറ്റൊരു ഡോക്ടറുടെ പേരുമുണ്ടായാൽ അത് സർട്ടിഫിക്കറ്റിനെ ആധികാരികതയെ ബാധിക്കും.