തൃശൂർ: രാമായണ മാസാചരണത്തിന് തുടക്കംകുറിച്ച് 17ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതി ഹോമവും നടക്കും. വടക്കുന്നാഥൻ ക്ഷേത്രക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതി ഹോമവും നടത്തുന്നത്. തുടർച്ചയായി 36-ാം വർഷമാണ് ഇതു രണ്ടും നടത്തുന്നത്.
കർക്കിടകം ഒന്നായ 17ന് പുലർച്ചെ അഞ്ചിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠയുടെ നേരെ സിംഹോദരനു സമീപമുള്ള ഹോമകുണ്ഠത്തിലാണ് മഹാഗണപതി ഹോമം. കർക്കിടകം ഒന്നിനു നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് മാത്രമേ ഈ ഹോമകണ്ഠം ഉപയോഗിക്കാറുള്ളു.
ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നന്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യമഹാഗണപതിഹോമത്തിന് അന്പതോളം തിരുമേനിമാർ സഹകാർമികത്വം വഹിക്കും. പതിനായിരം നാളികേരം, 1500 കിലോ ശർക്കര, 750 കിലോ നെയ്യ്, 200 കിലോ അവിൽ, 250 കിലോ മലർ, തേൻ, എള്ള്, ഗണപതിനാരങ്ങ എന്നീ ദ്രവ്യങ്ങളാണ് ഉപയോഗിക്കുക.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75ഓളം ആനകൾ ആനയൂട്ടിൽ പങ്കെടുക്കാനെത്തും. രാവിലെ 9.30ന് ആനയൂട്ട് ആരംഭിക്കും. തെക്കേ ഗോപുരനടയ്ക്കു സമീപം ബാരിക്കേഡ് സ്ഥാപിച്ച് അതിനകത്തായിരിക്കും ആനകളെ ചമയങ്ങളില്ലാതെ അണിനിരത്തുക. ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നന്പൂതിരി ഉൗട്ടിനെത്തുന്ന ഏറ്റവും ചെറിയ കുട്ടിക്കൊന്പന് ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിക്കും.
500 കിലോ അരിയുടെ ചോറ് ഉരുളകളാക്കിയാണ് ആനകൾക്ക് നൽകുക. ഇതിൽ ശർക്കര, മഞ്ഞൾപ്പൊടി, നെയ്യ് എന്നിവയും ചേർക്കും. കൂടാതെ ആനകൾക്ക് പഴം, പൈനാപ്പിൾ, കക്കിരിക്ക, കരിന്പ്, ചോളം, തണ്ണിമത്തൻ എന്നിവയും കൊടുക്കും. പ്രത്യക്ഷ ഗണപതിയൂട്ടെന്നാണ് ആനയൂട്ടിനെ വിശേഷിപ്പിക്കുക. ഒരു കോടി രൂപയ്ക്ക് ആനയൂട്ട് ഇൻഷ്വർ ചെയ്തിട്ടുണ്ട്.
സദ്യയുണ്ണാം…തായന്പക കേൾക്കാം…
ആനയൂട്ടും അഷ്ടദ്രവ്യ മഹാഗണപതിഹോമവും കാണാനെത്തുന്ന ഭക്തജനങ്ങൾക്കായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. അന്നദാന മണ്ഡപത്തിലാണ് ക്ഷേത്രക്ഷേമസമിതി സദ്യ ഒരുക്കുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെയാണ് ആനയൂട്ടും മഹാഗണപതി ഹോമവും നടത്തുന്നത്.
കൂത്തന്പലത്തിൽ വൈകീട്ട് 6.30ന് പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്ത് ഭഗവത് സേവ ഉണ്ടായിരിക്കും. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭഗവത് സേവയിൽ ഭക്തജനങ്ങൾക്ക് ലളിതസഹസ്രനാമപാരായണം ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ദീപാരാധനക്കു ശേഷം ശ്രീമൂലസ്ഥാനത്ത് പോരൂർ ഉണ്ണികൃഷ്ണനും ശുകപുരം ദിലീപും ചേർന്നൊരുക്കുന്ന ഡബിൾ തായന്പകയും ആസ്വദിക്കാം.
ദ്രവ്യങ്ങൾ ഭക്തർക്ക് സമർപ്പിക്കാം
അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനുമുള്ള ദ്രവ്യങ്ങൾ ഭക്തർക്കും സമർപ്പിക്കാൻ സൗകര്യമുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന് സമീപം പ്രത്യേകം കൗണ്ടർ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.