ഇരിങ്ങാലക്കുട: ദുരന്തം മുന്നിൽ കാണുന്പോഴും നഗരത്തിലെ പഴയ കെട്ടിടങ്ങൾ അപകടഭീഷണിയിൽ.കഴിഞ്ഞദിവസം ബസ് സ്റ്റാൻഡിനു സമീപമുള്ള കെട്ടിടത്തിലെ മുകൾ നിലയിലെ കെട്ടിടഭാഗങ്ങൾ ഇളകി വീണിരുന്നു. ബസ് സ്റ്റാൻഡിനു സമീപത്തായി ടൗണ്ഹാളിലേക്കു പോകുന്ന വഴിയിലുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗമാണു ഇടിഞ്ഞുവീണത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം അപകട ഭീഷണി ഭീഷണിയായാണു നിലനിൽക്കുന്നത്. ഈ കെട്ടിടത്തിൽ ഇപ്പോഴും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
എത്ര മുന്നറിയിപ്പു നൽകിയാലും ദുരന്തങ്ങൾ തലയ്ക്കു മീതെ വന്നാലേ നഗരസഭ ഉണരൂ എന്നുള്ളതാണു വാസ്തവം. അതുവരെ എന്തെങ്കിലുമൊക്കെ ചെയ്യും. കെട്ടിടങ്ങൾ തകർന്നു വീഴുന്പോൾ ഉടൻ അധികൃതർ ഉണരും. നോട്ടീസ് നൽകി എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്നു ഉത്തരവിറക്കും. എന്നാൽ പിന്നീട് അതൊക്കെ മറക്കും. ഇനി ഉണരണമെങ്കിൽ അടുത്ത കെട്ടിടം തകർന്നു വീഴണം എന്നതായിരിക്കും സ്ഥിതി.
ഓരോ അപകടങ്ങൾക്കുശേഷവും കാലാഹരണപ്പെട്ട കെട്ടിടങ്ങൾക്കു നോട്ടീസ് നൽകാൻ അധികൃതർ ശുഷ്കാന്തി കാട്ടും. ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിരവധി കെട്ടിടങ്ങളാണു നഗരത്തിലുള്ളത്. ആകെ ചെയ്യുന്നതു പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുക മാത്രമാണ്. അതോടെ അധികൃതരുടെ ഉത്തരവാദിത്വം അവസാനിച്ചു. ഇനി ഈ കെട്ടിടങ്ങൾ തകർന്നാൽ ഉത്തരവാദികൾ കെട്ടിടത്തിനു അടിയിൽപെടുന്നവർ തന്നെയാകുമെന്നു ചുരുക്കം.
കഴിഞ്ഞദിവസം കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണപ്പോഴും നഗരസഭാ ഉദ്യോഗസ്ഥർ നോട്ടീസ് നൽകുകയാണുണ്ടായത്. കെട്ടിടം അപകടാവസ്ഥയിലാണെന്നാണു നോട്ടീസിലുള്ളത്. കെട്ടിടത്തിന്റെ അടിത്തറ ദുർബലവും ഭാരം താങ്ങാനുള്ള ശേഷിയുമില്ല. ഇതിനു പുറമെ ട്രഷറി, രജിസ്ട്രാഫീസ്, മാർക്കറ്റിൽ ഓടിട്ട കച്ചവട സ്ഥാപനങ്ങൾ തുടങ്ങി 30 ലധികം കെട്ടിടങ്ങളാണു അപകടാവസ്ഥയിലുള്ളത്.
പൊറത്തിശേരി മേഖലയിൽ നഗരസഭയുടെ സോണൽ ഓഫീസ് മന്ദിരത്തിനു സമീപം പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പലതും അപകടാവസ്ഥയിലാണ്. പോസ്റ്റോഫീസ് പ്രവർത്തിക്കുന്നതും ഹെൽത്ത് സെന്ററായി പ്രവർത്തിക്കുന്നതുമായ കെട്ടിടങ്ങൾ അപകടാവസ്ഥയിലാണ്. കമ്മ്യൂണിറ്റി ഹാളിന്റെ കാര്യമാണെങ്കിൽ അറ്റകുറ്റപണി നടത്തി ലക്ഷങ്ങൾ ചെലവഴിച്ചതല്ലാതെ യാതൊരു ഗുണവുമില്ലാത്ത അവസ്ഥ.
നീണ്ടുനിന്ന മഴയും വില്ലൻ
സമയബന്ധിതമായി അറ്റകുറ്റപ്പണികൾ നടത്താത്തതും നീണ്ടുനിൽക്കുന്ന മഴയുമാണു കെട്ടിടങ്ങളുടെ പ്രധാന ഭാഗങ്ങളെല്ലാം തകർന്നുവീഴാൻ പ്രധാന കാരണം. മഴമൂലം ചോർന്നൊലിച്ച് ഇഷ്ടികകൾ കുതിർന്ന് നിരവധി കെട്ടിടങ്ങളുടെ പല ഭാഗങ്ങളും തകർന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കെട്ടിടം പൊളിച്ചുനീക്കാൻ തയാറാകുന്നില്ല. ഈ കെട്ടിടങ്ങൾക്കടിയിൽ കഴിയുന്നവരും യാത്രക്കാരുമൊക്കെ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടുപോകുന്നുവെന്നു പറയാം. മറിച്ച് കെട്ടിടം തകരുന്നതും ശോച്യാവസ്ഥ മറ്റുള്ളവർ കാണാതിരിക്കാനുമായി പല കെട്ടിടങ്ങളും ടാർപായ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്.
ജനങ്ങളുടെ തലയിൽ വീഴാൻ നിൽക്കുന്ന കെട്ടിടത്തെകുറിച്ച് ആളുകൾ പരാതി പറഞ്ഞാലും നടപടിയെടുക്കാത്തതെന്താണെന്ന ചോദ്യത്തിനു മറുപടിയില്ല. ദുർബലമായ കെട്ടിടങ്ങൾ അധികവും പഴക്കമുള്ളതും വാടകയ്ക്കു നൽകിയിട്ടുള്ളതുമാണ്. ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനു ഗൗരവത്തോടു കൂടിയുള്ള ഒരു സമീപനവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല
. ഇതിന്റെ ഫലമായി വിരലിലെണ്ണാവുന്ന കച്ചവടക്കാരുടെ താല്പര്യം സംരക്ഷിക്കാൻ മാത്രമായി ഭരണകൂടങ്ങൾ മാറുന്ന അവസ്ഥയുണ്ടാകുന്നു. അപകടകരമായ കെട്ടിടങ്ങളിൽ കച്ചവടം അനുവദിക്കരുതെന്ന കർശന നിലപാടിലേക്കു ഭരണകൂടം എത്താത്തതിനാൽ ഒഴിപ്പിക്കൽ നടപടികൾക്കു ഒച്ചിന്റെ വേഗം മാത്രമാണുള്ളത്. തന്നെയുമല്ല സമയബന്ധിതമായി ഇക്കാര്യത്തിൽ പദ്ധതി തയാറാക്കിയിട്ടുമില്ല.
അപകടകരമായ കെട്ടിടത്തിലിരുന്നു കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒരു നിലയ്ക്കും അതിനു അനുവദിക്കരുതെന്ന പൊതു ആവശ്യം ബന്ധപ്പെട്ട ഭരണകർത്താക്കൾ മുഖവിലയ്ക്കു എടുക്കുന്നില്ലെന്നതാണു പ്രശ്നം. ഇത്തരം കടമുറികൾ പെട്ടെന്ന് ഒഴിഞ്ഞു നൽകുന്നതിനു കച്ചവടക്കാർ വിമുഖത കാട്ടുകയാണ്. മിക്ക കെട്ടിടങ്ങളും പഴയകാലത്തെ വാടക ഈടാക്കുന്നവയാണ്.