മുക്കം: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മലയോര മേഖലയിൽ നടന്നത് 4 ടിപ്പർ അപകടങ്ങൾ. ഇത്രയും അപകടങ്ങളിലായി രണ്ട് പേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഞായറാഴ്ച തിരുവമ്പാടി പഞ്ചായത്ത് ഓഫിസിന് സമീപം ടിപ്പറിന് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുൻപ് അന്ന് രാത്രി 10ന് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഷ്പഗിരിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഡ്രൈവർക്ക് ജീവൻ നഷ്ടമായി.
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്നലെ മേഖലയിൽ രണ്ട് ടിപ്പർ അപകടങ്ങൾ കൂടി നടന്നത്. മുക്കം നഗരസഭയിലെ മുത്തേരിയിൽ ഉച്ചയ്ക്ക് 12ഓടെ ടിപ്പറും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മൈസൂർപറ്റ റോഡിൽ ഇന്നലെ ഉച്ച തിരിഞ്ഞു രണ്ടോടെ ടിപ്പറും ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അമിതവേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡുകൾ കുരുതിക്കളമാക്കുന്ന ടിപ്പറുകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതോടൊപ്പം തന്നെ സകല നിയമങ്ങളും കാറ്റിൽ പറത്തി സ്കൂൾ സമയങ്ങളിലും ടിപ്പറുകൾ കുതിച്ച് പായുകയാണ്.
രാവിലെ 9നും 10 നുമിടക്കും വൈകുന്നേരം മൂന്നിനും നാലിനും ഇടയിൽ ടിപ്പർ ലോറികൾ സർവീസ് നടത്തരുതെന്ന് ഹൈക്കോടതിയുടേയും സംസ്ഥാന സർക്കാരിന്റെയും കർശന നിർദേശമുണ്ടായിട്ടും അതൊന്നും പാലിക്കപെടാത്ത അവസ്ഥയാണ്.
മുക്കം മേഖലയിൽ മാത്രം ദിവസം രണ്ടായിരത്തിലധികം ടിപ്പറുകളാണ് ഓടുന്നത്. കാര്യമായ പരിശോധനയില്ലാത്തതും ടിപ്പറുകൾക്ക് അനുഗ്രഹമാണ്.