കോഴിക്കോട്/മുക്കം: കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്തിറങ്ങിയ മഴ ഇന്നലെയോടെ ശക്തി പ്രാപിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ട് മുതൽ ഇന്ന് രാവിലെ എട്ട് വരെ ജില്ലയിൽ അഞ്ച് സെന്റീമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച മഴ വൈകുന്നേരത്തോടെ കൂടുതൽ ശക്തി പ്രാപിക്കുകയായിരുന്നു. രാത്രിയിലും കനത്ത മഴയാണ് ജില്ലയിൽ ലഭിച്ചത്. മഴ കനത്തതോടെ കടലോര മേഖല ഭീതിയിലാണ്.
നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമായി പെയ്തിറങ്ങിയ മഴ മലയോര മേഖലയിൽ നാശം വിതച്ചിട്ടുണ്ടെങ്കിലും അപടകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കിഴക്കൻ മലയോരമേഖലയിൽ നിന്നൊഴുകുന്ന ഇരുവഞ്ഞിപ്പുഴയടക്കമുള്ള പുഴകൾ കര കവിഞ്ഞൊഴുകുകയാണ്.
ഇരുവഴിഞ്ഞിയിലും ചാലിയാറിലും ചെറുപുഴയിലും വെളളം ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണ്. അഞ്ചു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചതോടെ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
ജലാശയങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് പുഴയോര വാസികളേയും ജനങ്ങളേയും ഭീതിയിലാഴ്ത്തി. മുക്കം ബെന്റ് പൈപ്പ് പാലം പൂർണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ മേഖലയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുമ്പ് അനുഭവപ്പെട്ട പ്രളയം മേഖലയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായി വീണ്ടും വെള്ളപ്പൊക്കം മലയോര മേഖലയിൽ ഭീഷണിയായി നിലനിൽക്കുന്നത് ജനങ്ങൾക്കിടയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെള്ളം കയറുമെന്ന ഭീതിയോടെ നിരവധി വീട്ടുകാരാണ് ഇപ്പോൾ കഴിയുന്നത്.
നിരവധി റോഡുകളും പാലങ്ങളും കളിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ തവണ വെള്ളം കയറി തീരം ഇടിഞ്ഞ് വീട് ഭീഷണിയിലായിരുന്ന നിരവധി കുടുംബങ്ങൾ വീണ്ടും ആശങ്കയോടെയാണ് ഇപ്പോൾ കഴിയുന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച വർഷമാണിതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം മഴ ശക്തമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും. കനത്ത മഴയെ തുടർന്ന് അപകടകരമായ സാഹചര്യത്തിൽ കഴിയുന്നവരെ കുറിച്ച് കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്നും കളക്ടർ അറിയിച്ചു. ഉരുൾപൊട്ടലിനും വെള്ളപൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
കൺട്രോൾ റൂം നന്പരുകൾ: കോഴിക്കോട് 04952372966, വടകര 04962522361, താമരശേരി 0495223088, കൊയിലാണ്ടി 04962620235. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. മഴ തുടരുന്നതിനാൽ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്നും കളക്ടർ അറിയിച്ചു.
പെരുവണ്ണാമൂഴി ഡാം നിറഞ്ഞു
പേരാമ്പ്ര: കനത്ത മഴയിൽ നീരൊഴുക്കു വർധിച്ചതോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാം നിറഞ്ഞു. ഇന്നലെ ജലനിരപ്പ് 39.47 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 38.90 മീ. ആയിരുന്നു ജലതോത്. ഇക്കുറി 57 സെന്റീമീറ്റർ അധികജലമാണു ഡാമിലുള്ളത്.
കക്കയത്ത് നിന്നു വൈദ്യുതി ഉത്പ്പാദിപ്പിച്ച ശേഷമെത്തുന്ന ജലവും പെരുവണ്ണാമൂഴി അണക്കെട്ടിലാണു എത്തിച്ചേരുന്നത്. ഡാമിന്റെ നാല് ഷട്ടറുകളും പൂർണമായി തുറന്നു ജലം പുഴയിലേക്കൊഴുക്കുകയാണ്.
കടന്തറ പുഴ നിറഞ്ഞു; ആശങ്കയോടെ ചെമ്പനോട
പേരാമ്പ്ര: കനത്ത മഴയിൽ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട നിവാസികൾ കടുത്ത ആശങ്കയിൽ. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുള്ള മേഖലയിലെ കടന്തറ പുഴ നിറഞ്ഞു സംഹാരരൂപിണിയായിട്ടുണ്ട്. പശുക്കടവ്, വയനാടൻ മലനിരകൾ എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയാൽ ജലപ്രളയമുണ്ടാകുന്നത് കടന്തറ പുഴയിലാണ്. മുൻ കാലങ്ങളിൽ പല തവണ ഇത് സംഭവിച്ചിട്ടുണ്ട്.
മേഖലയിലെ സ്കൂളുകളെല്ലാം പ്രവർത്തിക്കുന്നത് ഈ പുഴയോരത്താണ്. ജലപ്രളയമുണ്ടായ കാലത്തെല്ലാം സ്കൂൾ കോമ്പൗണ്ടുകളിൽ വെള്ളം കയറിയിട്ടുണ്ട്. അതു കൊണ്ടു തന്നെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
പെരുവണ്ണാമൂഴി ചെമ്പനോട റോഡുകടന്നു പോകുന്ന ഭാഗത്തെ ഓനി, മൂത്തേട്ടുപുഴകളും നിറഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കമുണ്ടായി പാലങ്ങൾ വെള്ളത്തിൽ മുങ്ങിയാൽ യാത്രാ തടസവും നേരിടും.
ചെമ്പനോടയിൽ വീട് തകർന്നു
പെരുവണ്ണാമൂഴി: കാലവർഷത്തിൽ ചെമ്പനോടയിൽ വീടിനു നാശനഷ്ടം. താഴെ അങ്ങാടിക്കു സമീപം താന്നിക്കാപ്പാറ ഷാന്റിയുടെ ഓടgമേഞ്ഞ വീടിന്റെ ഭിത്തിയും മേൽകൂരയും തകർന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചെമ്പനോട വില്ലേജ് ഓഫീസിൽ പരാതി നൽകി.