ഇരിട്ടി: ആറളംഫാം പുനരധിവാസം ആരംഭിച്ച് പന്ത്രണ്ട് വർഷം പിന്നിടുന്പോഴും ആറളം ഫാമിലെയും പുനഃരധിവാസ മേഖലയിലെ ഉദ്യോഗ-തൊഴിലാളി നിയമനങ്ങൾ ആദിവാസികളെ ഒഴിവാക്കി പുറത്തുനിന്നുള്ളവരെ നിയമിക്കുന്ന നടപടിക്കെതിരേ പ്രക്ഷോഭം തുടങ്ങുമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ.
പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഒൻപത് അങ്കണവാടികളിലെ വർക്കർമാരെല്ലാം ഫാമിന് പുറത്ത് നിന്നുള്ളവരാണ്. പുതിയ അഞ്ച് അങ്കണവാടികൾ ആരംഭിക്കാൻ നിർദേശിച്ചിരിക്കെ ഈ നിയമനങ്ങളിലും ആദിവാസികളെ അവഗണിക്കുകയാണ്.
ഫാമിലെ ആദിവാസികൾക്കിടയിൽ എസ്എസ്എൽസി, പ്ലസ്ടു, ബിരുദാനന്തരബിരുദം നേടിയ യുവതി-യുവാക്കളുണ്ടെന്നിരിക്കെയാണ് പുറത്തുനിന്നുള്ളവരെ നിയമിച്ച് ആദിവാസികളുടെ അവസരം നിഷേധിക്കുന്നത്.
‘ആദിവാസി ഭാഷയിൽ കുട്ടികളെ പഠിപ്പിച്ച് വിദ്യാഭ്യാസത്തോട് താത്പര്യം കാണിക്കുന്നതിന് പ്രാവിണ്യമുള്ളവരെ നിയമിക്കാൻ സർക്കാർ തയാറാകണമെന്നും ആറളംഫാം പട്ടിക വർഗ വികസന വകുപ്പിന്റെ സാന്പത്തിക സഹായത്തിൽ പ്രവർത്തിക്കുന്പോഴും ഉയർന്ന ശന്പളം പറ്റുന്ന ജീവനക്കാരിലേറെയും സ്ഥിരാടിസ്ഥാനത്തിലും താത്കാലിക നിയമനങ്ങളിലും പുറത്തുനിന്നുള്ളവരെയാണ് നിയമിച്ചുവരുന്നത്.
ഫാമിൽ കിടത്തിചികിത്സയോടുകൂടി ആരംഭിച്ച ആശുപത്രികളിലെ സ്വീപ്പർ, പ്യൂൺ, അറ്റൻഡർ തുടങ്ങി ലാസ്റ്റ് ഗ്രേഡ് തസ്തികകൾ, മിനിമം യോഗ്യതയുടെ അടിസ്ഥാനത്തിൽ വരുന്ന ഒഴിവുകളിലേക്കും ആദിവാസികളെ പരിഗണിക്കണമെന്ന് ആറളം ഫാം ഒൻപതാം ബ്ലോക്കിൽ ചേർന്ന ആദിവാസി ഗ്രോതജനസഭ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു.
ചന്ദ്രൻ എടാൻ അധ്യക്ഷത വഹിച്ചു. പി.കെ. കരുണാകരൻ, കുമാരൻ ആനക്കുഴി, ബാലൻ കൊരഞ്ഞി, യശോദ നാരായണൻ, അശ്വതി അശോകൻ, നളിനി ബാലൻ, ജാനകി, പി.ടി. കൃഷ്ണൻ, രമണി എന്നിവർ പ്രസംഗിച്ചു.