കണ്ണൂർ: കണ്ണൂരും കോഴിക്കോടും വൻ കവർച്ച പരന്പരകൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂരിൽ അറസ്റ്റിൽ. കോഴിക്കോട് കൂടരഞ്ഞി കോന്നം തൊടിയിൽ കെ.പി. ബിനോയി (34) യെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നു പുലർച്ചെ 5.30ഓടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതുങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ കൈയിൽനിന്നും മോഷ്ടിച്ച രണ്ടു മൊബൈൽ ഫോണും കണ്ടെടുത്തു.
2017 മാർച്ചിൽ കണ്ണൂർ കളക്ടറേറ്റിൽ മോഷണം നടത്തിയ രണ്ടംഗസംഘത്തിൽ പ്രധാന സൂത്രധാരൻ ഇയാളാണ്. ഈ കേസിൽ ശിക്ഷ അനുഭവിച്ച് ജനുവരിയിലാണ് ജയിലിൽനിന്നും പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം 40 ഓളം കവർച്ചകൾ ഇയാൾ നടത്തിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞമാസം യോഗശാല റോഡിലെ അബ്ദുൾഗഫൂറിന്റെ പെയിന്റ് കടയിൽ മോഷണം നടത്തിയത് ഇയാളെന്ന് പോലീസ് പറഞ്ഞു.
കൂടാതെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റിയൽ മൊബൈൽ ഫോണിൽനിന്നും പത്ത് മൊബൈലും 2000 രൂപയും മോഷ്ടിച്ചു. സമീപത്തെ ഒരു ഹോട്ടലിൽ കവർച്ച നടത്തി. തലശേരി പഴയ ബസ് സ്റ്റാൻഡിനുസമീപത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽനിന്നു 7000 രൂപയും സമീപത്തെ സിയാഗോ മൊബൈയിൽ കടയിൽനിന്നും 40,000 രൂപയും കവർച്ച ചെയ്തു. തലശേരിയിൽ മാത്രം മൂന്നു മാസത്തിനുള്ളിൽ എട്ടോളം കടകളിൽ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ വ്യാപകമായ കവർച്ചയാണ് ഇയാൾ നടത്തിയത്. 30 ഓളം കടകളിൽ കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസിൽനിന്നും കവർച്ച നടത്തി. മിഠായിതെരുവിലെ മൂന്ന് മൊത്തകച്ചവട കേന്ദ്രങ്ങളിലും അപ്സര മൊബൈൽ ഷോപ്പിലും കവർച്ച നടത്തി.
കോഴിക്കോട് നടക്കാവിലെ കള്ളുഷാപ്പിലും കയറി മോഷ്ടിച്ചിട്ടുണ്ട്. അർധരാത്രി കോഴിക്കോട്ടെ പോസ്റ്റ് ഓഫീസിന്റെ അകത്തു സൂക്ഷിച്ച സൈക്കിൾ അടിച്ചുമാറ്റി. സൈക്കളിൽ കല്ലായിപാലത്തിൽ എത്തി അവിടെയുള്ള മൊബൈൽ ഷോപ്പിൽ കയറി 7000 രൂപ മോഷ്ടിച്ചു.
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻപരിധിയിലെ മാതൃഭൂമി ബുക്ക്സ്റ്റാളിലും കയറി. ബീച്ച് ഹോട്ടൽ, അരിക്കട, റെയിൽവേ ക്വാർട്ടേഴ്സ്, ചെരുപ്പുകട എന്നിവിടങ്ങളിലും കവർച്ച നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടുപ്രതി കതിരൂരിലെ ജെറീസിനെകുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എസ്ഐ ശ്രീജിത്ത് കൊടേരിയെ കൂടാതെ എഎസ്ഐ അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജിജേഷ്, രഞ്ജിത്ത്, രാജീവൻ എന്നിവരും പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു.