കഴിഞ്ഞദിവസമാണ് വയനാട്ടിലെ കല്‍പ്പറ്റയില്‍ യുവദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മക്കിയാട് 12-ാം മൈല്‍ മൊയ്തുവിന്റെ മകന് ഉമ്മറിനെയും ഭാര്യയെയുമാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ഈ കൊലപാതകം നടന്നതിന് സമീപം ഒരു ഹോട്ടലില്‍ മോഷണവും നടന്നിരിക്കുന്നു. പോലീസ് അന്വേഷണം തകൃതിയായി നടക്കുന്നതിനിടെയാണ് കൊല നടന്ന വീടിന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ് മോഷണം നടന്നത്.
വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്കൂളിനു മുന്പില് സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹോട്ടലില്‍ കയറിയ കള്ളന് അടുക്കളയില്‍ നിന്നും അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. ഹോട്ടലില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി.
കുളി കഴിഞ്ഞെത്തിയ കള്ളന്, പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം അടിച്ചുമാറ്റി. എന്നാല്‍, അതിലുണ്ടായിരുന്ന 50 പൈസയുടെ നാണയങ്ങള്‍ അവിടെത്തന്നെ വെച്ചു.
കുളിച്ചുകഴിഞ്ഞശേഷം തോര്‍ത്ത് മേശപ്പുറത്തു വിരിച്ചിട്ട്, കയ്യിലുണ്ടായിരുന്ന പിച്ചാക്കത്തിയും സ്പാനറും ലൈറ്ററും സമീപത്തു വച്ചാണു കള്ളന് തിരിച്ചുപോയത്. എന്നാല്‍ നേരം പുലരുന്നതുവരെ ജംക്ഷനിലെ പബ്ലിക് ലൈബ്രറിയില്‍ ലോകകപ്പ് ഫുട്ബോള്‍ കണ്ടിരുന്നവരൊന്നും മോഷണവിവരം അറിഞ്ഞതേയില്ല. രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ സ്ത്രീകളാണു സംഭവം പോലീസില്‍ അറിയിക്കുന്നത്.