കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ പോക്കറ്റടിക്കാര്‍ വിലസുമ്പോഴും പോലീസുകാര്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും “ലൈവ്’!. എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണില്‍ സദാ സജീവമായിരിക്കുന്നത്. ഇതോടെ പോക്കറ്റടിക്കാര്‍ക്ക് ആരെയും പേടിക്കാതെ “ഡ്യൂട്ടി’ ചെയ്യാവുന്ന അവസ്ഥയുമായി.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പൊതുജന സേവനത്തിനും സുരക്ഷയ്ക്കുമായാണ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. രണ്ടുപോലീസുകാരാണിവിടെ ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. മുകൾ നിലയിലാണ് എയ്ഡ്പോസ്റ്റ് താവളം. കിടക്കയും മറ്റു സംവിധാനങ്ങളും ഉള്ളതിനാൽ ഡ്യൂട്ടിയിലുള്ളവർ പലപ്പോഴും താഴേക്ക് ഇറങ്ങാറില്ല.
സ്റ്റാന്‍ഡിനുള്ളില്‍ തന്നെയുണ്ടാവാറുണ്ടെങ്കിലും പരിശോധനയ്ക്കും മറ്റും ഇവര്‍ തയാറാകുന്നില്ല. രാത്രിയില്‍ കണ്ട്രോള് റൂം വാഹനം സ്റ്റാന്‍ഡില്‍ കയറുന്നതൊഴിച്ചാല് യാതൊരുവിധ പരിശോധനയും നടക്കുന്നില്ല.
ഇതോടെ മോഷ്ടാക്കള്‍ക്കും പോക്കറ്റടിക്കാര്‍ക്കും കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് വിഹാരകേന്ദ്രമായി മാറി. പണവും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചാല്‍ മാത്രമാണ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ പുറത്തിറങ്ങി പരിശോധന നടത്താറുള്ളതെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്.
അതേസമയം കോഴിക്കോട് നഗരത്തിലും മറ്റുമുള്ള സ്ഥിരം പോക്കറ്റടിക്കാരല്ല സ്റ്റാന്‍ഡില്‍ മോഷണം നടത്താറുള്ളതെന്നാണ് പോലീസ് പറയുന്നത്. പോക്കറ്റടിയും മോഷണവും വര്‍ധിച്ചതോടെ നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രിയില്‍ സ്റ്റാന്‍ഡിലെത്തുന്ന ദീര്‍ഘദൂരബസുകളിലാണ് മോഷ്ടാക്കള്‍ വരുന്നതെന്നാണ് സൂചന ലഭിച്ചത്.
ഇപ്രകാരം കോഴിക്കോടെത്തുന്നവര്‍ സ്റ്റാന്‍ഡില്‍ ഉറങ്ങുന്ന യാത്രക്കാരുടേയോ ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന യാത്രക്കാരുടേയോ പഴ്സും പണവും മോഷ്ടിച്ച് അടുത്ത ബസില്‍ തന്നെ സ്ഥലം വിടും. ഇതോടെ പഴ്സോ മറ്റു വസ്തുക്കളോ നഷ്ടപ്പെട്ടവര്‍ പരാതി നല്കിയാലും പോലീസ് പരിശോധനയില്‍ ഇവരെ കണ്ടെത്താന്‍ കഴിയുകയില്ല. ഇത്തരത്തില്‍ ദീര്‍ഘ ദൂര ബസുകളില്‍ എത്തുന്നവരെ തിരിച്ചറിയാനും പ്രയാസമാണ്.
നിലവില്‍ പോലീസ് നിരീക്ഷണം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരക്കാരെ പിടികൂടാനാവൂ. ബസ് സ്റ്റാന്‍ഡില്‍ പോലീസിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മോഷ്ടാക്കള്‍ പുറത്തിറങ്ങില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ദീര്‍ഘദൂരബസുകള്‍ പുറപ്പെടുന്നതിനു മുമ്പും സ്റ്റാന്‍ഡില്‍ എത്തുമ്പോഴും പോലീസിന്റെ നിരീക്ഷണമുണ്ടെങ്കില്‍ പോക്കറ്റടിക്കാരെ പിടികൂടാന്‍ കഴിയുമെന്നും യാത്രക്കാര്‍ പറഞ്ഞു. പോക്കറ്റടിക്കാര്‍ വിലസുമ്പോഴും കുനിഞ്ഞിരുന്ന് മൊബൈല്‍ ഫോണ്‍ സദാ ഉപയോഗിക്കുന്ന പോലീസുകാര്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്നും പരാതി ഉയരുന്നുണ്ട്.