കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യൂ കൊലപ്പെട്ട സംഭവത്തിനു പിന്നിലെ കൊലയാളികളുമായി സിപിഎമ്മിനു പങ്കുണ്ടെന്നു താൻ പറഞ്ഞിട്ടില്ലെന്നു ജോണ് ഫെർണാണ്ടസ് എംഎൽഎയുടെ ഭാര്യ എൻ.പി. ജെസി.
ഫോർട്ട് കൊച്ചി അമരാവതി ഗവണ്മെന്റ് യുപി സ്കൂളിന്റെ ഗ്രൗണ്ട് ഹിന്ദു തീവ്രവാദി സംഘം കൈയേറിയതിന് എതിരേയാണു പോസ്റ്റ് ഇട്ടതെന്നും കൊച്ചിയിലെ രാഷട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന തന്റെ ഒരു ഉദ്യോഗസ്ഥ തല സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണു കുറിച്ചതെന്നും ഇവർ ഫേസ്ബുക്ക് പോസ്റ്റിലൂടെതന്നെ വ്യക്തമാക്കി.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റി അംഗമാണു ജെസി. നിയമസഭയിലെ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗവുമാണു ജോണ് ഫെർണാണ്ടസ്. അഭിമന്യൂവിന്റെ കൊലയാളികൾക്കു ചില സിപിഎംകാരുടെ സംരക്ഷണ കിട്ടിയെന്ന സൂചനയുള്ളതാണ് ജെസിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് എന്നായിരുന്നു ആരോപണം.
ഇതു വാർത്തയായ സാഹചര്യത്തിലാണു ജെസിയുടെ വിശദീകരണം. ആരോപണത്തിന് അടിസ്ഥാനമായ പോസ്റ്റ് ഇപ്പോൾ അവരുടെ ഫേസ്ബുക്ക് പേജിൽനിന്ന് പിൻവലിച്ചിട്ടുമുണ്ട്.
ഇതുസംബന്ധിച്ച് വിശദീകരിക്കുന്ന ജെസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ ഫോർട്ട് കൊച്ചി അമരാവതി ഗവണ്മെന്റ് യുപി സ്കൂളിന്റെ ഗ്രൗണ്ട് ഹിന്ദു തീവ്രവാദി സംഘം കൈയേറിയതിന് എതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു. കൊച്ചിയിലെ രാഷട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ല എന്ന എന്റെ ഒരു ഉദ്യോഗസ്ഥ തല സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണ് ഞാൻ എഫ്ബിയിൽ ഇട്ടത്. അദ്ദേഹം പറഞ്ഞതിൽ ശരിയുണ്ടെങ്കിൽ. തെറ്റുകൾ തിരുത്തപ്പെടണം.
അഭിമന്യുവിനെ നിഷ്ഠൂരം കൊലപ്പെടുത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. കൊലപാതകം കഴിഞ്ഞ് വന്നവരെ സംരംക്ഷിച്ചവർ ആരാണെന്ന് പാർട്ടി കണ്ടെത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. കൊച്ചിയിൽ സിപിഎം ശക്തമാണ്. ആ ശക്തി ഈ കൊലയാളി സംഘത്തെ കണ്ടെത്തുന്നതിൽ ഇടപെടണം. എസ്ഡിപിഐ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിൽ അത് ഇല്ലായ്മ ചെയ്യേണ്ടത് അതതു രാഷട്രീയ പ്രസ്ഥാനങ്ങളാണ്. അത്രയെ അദ്ദേഹം പറഞ്ഞുള്ളൂ. ഞാനും.
ഈ പോസ്റ്റിനെ അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സിപിഎം എന്ന വ്യാഖ്യാനം നടത്തി മുതലെടുപ്പ് വേണ്ട. മുതലെടുപ്പ് നടത്തുന്നവർ ഓർക്കുക. ഇക്വിലാബ് സിന്ദാബാദ്, സിപിഎം സിന്ദാബാദ് വർഗീയത തുലയട്ടെ. എന്ന് ഒരിക്കൽ വിളിച്ചിട്ടുണ്ടെങ്കിൽ അത് ഇനിയും ഉറക്കെ തന്നെ വിളിക്കും. അത് കൊണ്ട് എന്റെ എഫ്ബി പോസ്റ്റ് സിപിഎമ്മിനെതിരേ പ്രചരണായുധമായ് എസ്ഡിപിഐ സംഘം ഉപയോഗിക്കണ്ട. ആ പോസ്റ്റ് ഞാൻ പിൻവലിക്കുന്നു..