തലശേരി: “ഒരു മാസം കൊണ്ട് പ്രശ്നം തീരും’ 21 കാരനായ കാമുകന് സൗമ്യ അയച്ച മെസേജാണിത്. പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), ഭാര്യ കമല (65) , പേരക്കുട്ടി ഐശ്വര്യ കിഷോർ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തുന്നതിന് മുന്നേയാണ് കേസിലെ പ്രതിയും കൊല്ലപ്പെട്ട കുഞ്ഞിക്കണ്ണൻ-കമല ദന്പതികളുടെ മകളും ഐശ്വര്യയുടെ അമ്മയുമായ സൗമ്യ തന്റെ കാമുകന് ഈ സന്ദേശമയച്ചത്.
എന്നാൽ സൗമ്യ തന്റെ മാതാപിതാക്കളേയും മകളേയും കൊല്ലാനാണ് ലക്ഷ്യമിട്ടതെന്ന് തനിക്ക് മനസിലായില്ലെന്നാണ് കാമുകന്റെ മൊഴി.
16 വയസു മുതൽ തനിക്ക് സൗമ്യയുമായി ബന്ധമുണ്ടെന്നും പ്രശ്നം തീരുമെന്ന പറഞ്ഞതിന്റെ പൊരുൾ ചോദിച്ചെങ്കിലും സൗമ്യ തന്നോട് അതേക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തതെന്നും കാമുകൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു.
ഇതിനിടയിൽ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് ആദ്യഘട്ട അന്വേഷണം പൂർത്തിയായപ്പോൾ വ്യക്തമായതായി കേസന്വേഷിച്ച സിഐ കെ.ഇ. പ്രേമചന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. സൗമ്യ ഉപയോഗിച്ച ചില മൊബൈൽ ഫോണുകൾ കൂടി കണ്ടെത്താനുണ്ട്. ഇവ ലഭിച്ചാൽ പരിശോധനക്ക് അയക്കുമെന്നും കൂടുതൽ എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ ആ സമയത്ത് അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
സൗമ്യ അറസ്റ്റിലായി 90 ദിവസം തികയുന്ന ജൂലൈ 23നുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. ഒരു ടെക്സ്റ്റ് മെസേജുകളുമുൾപ്പെടെയുള്ള അഞ്ച് മൊബൈൽ ഫോണുകളിൽ നിന്നും ശേഖരിച്ച ഫോൺ സംഭാഷണങ്ങളും വോയ്സ് മെസേജുകളും രേഖകളിൽ നിന്നു മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുള്ളതായി വ്യക്തമാക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
അമ്മയെ കൊലപ്പെടുത്തിയ സൗമ്യ അമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചോയെന്ന് ധർമടം പോലീസ് സ്റ്റേഷനിൽപല തവണ വിളിച്ചു ചോദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പിണറായിയിലെ ഒരു ഡോക്ടർക്കെതിരേ നൽകിയ പരാതി സംബന്ധിച്ച രേഖകളുണ്ട്.
കൈവിരൽ മുറിഞ്ഞതിനെ തുടർന്ന് പിണറായിയിലെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു. എന്നാൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കാണിച്ച് സൗമ്യ ഡിഎംഒക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ വിവരങ്ങളും ഫോണിൽനിന്നും ലഭിച്ചവയിൽപ്പെടുന്നു.
35കാരനെ വിവാഹം കഴിക്കാനും 16 വയസു മുതൽ താനുമായി ബന്ധമുള്ള കാമുകനുമായിട്ടുള്ള ബന്ധം തുടരാനും സൗമ്യ തീരുമാനിച്ചിരുന്നതായി ഫോൺ രേഖകളിൽനിന്നും വ്യക്തമാകുന്നുണ്ട്. ഈ കേസിൽ നാല് പേരാണ് സംശയത്തിന്റെ നിഴലിലുണ്ടായിരുന്നത്.
ഇവരിൽ ചിലർക്കെതിരേയുള്ള നിർണായക തെളിവുകൾ ഫോണിൽനിന്നും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതിയിരുന്നത്. എന്നാൽ 32 ജിബിയുടെ പരിശോധന പൂർത്തിയായതോടെ സൗമ്യ തന്നെയാണ് മൂന്ന് കൊലപാതകവും നടത്തിയതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഒരു മാസമെടുത്താണ് സൗമ്യയുടെ അഞ്ച് ഫോണുകളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചത്. ഡിലീറ്റ് ചെയ്തതുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഫോറൻസിക് സംഘം കണ്ടെടുത്തു. വളരെ ആസൂത്രിതവും ശാസ്ത്രീയവുമായി നടന്ന അന്വേഷണത്തിന് ജില്ലാ പോലീസ് ചീഫ് ശിവവിക്രം, എഎസ്പി ചൈത്ര തെരേസ ജോൺ എന്നിവർ നേതൃത്വം നൽകി.
തലശേരി, മാഹി, പള്ളൂർ, വടക്കുന്പാട്, ഇരിട്ടി, പറശിനിക്കടവ് എന്നിവിടങ്ങളിലെ നിരവധി യുവാക്കൾ സൗമ്യയുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു. ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. കേസിൽ 55 സാക്ഷികളുടെ മൊഴികളാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
തലശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ഏഴ് ആശുപത്രികളിൽനിന്നുള്ള ചികിത്സ രേഖകളും 25 തൊണ്ടി മുതലുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ആശുപത്രിയിലെ ഡോക്ടർമാരും ഈ കേസിൽ സാക്ഷികളായിട്ടുണ്ട്.
തന്റെ അവിഹിത ബന്ധങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി മാതാപിതാക്കളേയും മകളേയും ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് സൗമ്യ പോലീസിന് മൊഴി നൽകിയിരുന്നു. രണ്ട് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ ചുരുങ്ങിയ കാലയളവിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് നാടിനെ ഞെട്ടിച്ചിരുന്നു.