അന്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാനായതിനു പിന്നിൽ പഴുതടച്ചുള്ള അന്വേഷണം. തുടക്കത്തിൽ ലോക്കൽ പോലീസും, പിന്നീട് അന്പലപ്പുഴ സിഐയും അന്വേഷിച്ച കേസ് തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ഇതിനെ തുടർന്ന് ക്ഷേത്രത്തിന്റെ മേൽശാന്തിമാർ, കീഴ്ശാന്തിമാർ, കഴകക്കാരുൾപ്പെടെയുള്ള ക്ഷേത്രം ജീവനക്കാർ, ഉദ്യോഗസ്ഥർ തുടങ്ങി 50 ൽപരം പേരെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ക്ഷേത്രാങ്കണത്തിലെ കിണറുകളും, കുളങ്ങളും വറ്റിച്ച് സംഘം പരിശോധനയും നടത്തി. ഇതിനിടെ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സൂചന ലഭിക്കുമെന്നായപ്പോഴാണ് നൂറ്റാണ്ടുകൾ പഴക്കമുള്ളതും നവരത്നങ്ങൾ പതിച്ചതുമായ വിലമതിക്കാനാകാത്ത പതക്കം ക്ഷേത്രം ശ്രീകോവിലിനു തെക്കുഭാഗത്തെ ഗണപതി കോവിലിലും, ഗുരുവായൂരപ്പൻ നടയ്ക്കു മുന്നിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങളിലും നിന്ന് തിരികെ കിട്ടിയത്. ഉരുക്കാൻ ശ്രമിച്ച് നാശനഷ്ടങ്ങൾ വരുത്തിയ നിലയിൽ കണ്ടെത്തിയ പതക്കം പത്രത്തിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
മൂന്നു മാസത്തിലൊരിക്കൽ പൊട്ടിച്ച് തുക എണ്ണിത്തിട്ടപ്പെടുത്തുന്ന കാണിക്കവഞ്ചികൾ അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ പൊട്ടിച്ചപ്പോഴാണ് ഇത് തിരികെ ലഭിച്ചത്. പിന്നീട് കോടതിക്കു കൈമാറിയ പതക്കം അവിടെ ലോക്കറിൽ സൂക്ഷിച്ചു വരുകയായിരുന്നു.
പതക്കം കാണാതായ സംഭവത്തെ തുടർന്ന് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്നു കാട്ടി മേൽശാന്തിമാരിൽ ഒരാളെ പൂജാദികർമങ്ങളിൽ നിന്നും മാറ്റി നിർത്തിയ ദേവസ്വം ബോർഡ് കീഴ്ശാന്തിക്കാരിൽ ഒരാളെ സർവീസിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു.
അന്വേഷണം നടക്കുന്നതിനിടെ ക്ഷേത്രം കഴകം ജീവനക്കാരിൽ ഒരാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിക്കുകയും ഉണ്ടായി. എന്നാൽ ക്ഷേത്രം അഡ്മിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ഹരിപ്പാട് സ്വദേശിയെ ദേവസ്വം അസി.കമ്മീഷണറായി സ്ഥാനക്കയറ്റം നൽകി സ്ഥലം മാറ്റുകയാണ് ദേവസ്വം ബോർഡ് ചെയ്തത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പതക്കവും, വിഗ്രഹത്തിൽ ചാർത്തുന്ന മറ്റ് ആടയാഭരണങ്ങളും സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകൾ വിജിലൻസ് സംഘങ്ങൾ തുടർന്ന് പരിശോധിച്ചിരുന്നു.
നഷ്ടപ്പെട്ട പതക്കത്തിനു പുറമെ മറ്റ് മൂന്നുപതക്കങ്ങളും കൂടി കാണാനില്ലെന്ന നിർണായക വിവരമാണ് സംഘത്തിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്നത്തെ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ അന്വേഷണവും പിന്നീട് ഉണ്ടായില്ല.
ആദ്യ പതക്കം കാണാതായ സംഭവത്തിൽ കോടതി ഇടപെടലിനെ തുടർന്നാണ് സ്പെഷൽ ടെന്പിൾ ആന്റി തെഫ്റ്റ് സ്ക്വാഡ് 2017 നവംബർ 20 ന് അന്വേഷണം ഏറ്റെടുത്തത്. പഴുതടച്ചുള്ള അന്വേഷണത്തെ തുടർന്ന് ഇടുക്കി പീരുമേട് ഉപ്പുതറ ചേലക്കാട്ട് വീട്ടിൽ കാളിയപ്പൻ എന്നു വിളിക്കുന്ന വിശ്വനാഥനിലേക്ക് അന്വേഷണം എത്തിച്ചേരുകയായിരുന്നു. രണ്ടാഴ്ച മുൻപ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും ഈ വിവരം സംഘം പുറത്തുവിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് വിശ്വനാഥന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു സംഘം. പതക്കം നഷ്ടപ്പെട്ട സംഭവത്തിനു പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും, ക്ഷേത്രത്തിൽ നിന്നും കാണാതായ മറ്റു പതക്കങ്ങളെക്കുറിച്ചുള്ള അന്വേഷണം തന്റെ പരിധിയിലില്ലെന്നും സംഘം തലവൻ രാജേഷ് പറഞ്ഞു. അതേസമയം കേസിലെ യഥാർഥ പ്രതികളെ ഇനിയും പിടികൂടാനായില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.