സിഡ്നി: ഡെങ്കിപ്പനി അടക്കം പല മാരകരോഗങ്ങളും പരത്തുന്ന ഈഡിസ് ഈജിപ്തി ഇനം കൊതുകുകളെ നശിപ്പിക്കാൻ ഫലപ്രദമായ ഒരു വഴി. ഈ കൊതുകുകളെ വന്ധ്യംകരിക്കുക. ഓസ്ട്രേലിയയുടെ ദേശീയ ശാസ്ത്ര സമിതിയായ സിഎസ്ഐആർഒയുടെ ആഭിമുഖ്യത്തിലുള്ള ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.
ലബോറട്ടറിയിൽ ഇവയുടെ പുരുഷ കൊതുകുകളെ വളർത്തിയെടുത്ത് അവയിലേക്ക് വോൽബാചിയ എന്ന ബാക്ടീരിയ കടത്തിവിടുന്നു. ഇതു കൊതുകുകളെ ഷണ്ഡരാക്കും. ഈ കൊതുകുകളെ ഈഡിസ് ഈജിപ്തി ധാരാളമുള്ള ഒരു പട്ടണപ്രദേശത്തു വിട്ടു. അവ പെൺകൊതുകുകളുമായി ഇണചേരും. പക്ഷേ പെൺകൊതുകുകൾ ഇടുന്ന മുട്ട വിരിയുകയില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം കുറയും.
ജയിംസ് കുക്ക് യൂണിവേഴ്സിറ്റിയാണു ക്വീൻസ്ലാൻഡിലെ ഇന്നിസ്ഫെയ്ൽ പട്ടണത്തിൽ ഈ പരീക്ഷണം നടത്തിയത്. വന്ധ്യംകരണം മുന്പും പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ വേണ്ടത്ര ഫലപ്രദമാകാൻ തക്ക എണ്ണം വന്ധ്യംകരിക്കപ്പെട്ട ആൺകൊതുകുകളെ ഉണ്ടാക്കാൻ മുന്പ് കഴിഞ്ഞിരുന്നില്ല.
ഈ പരീക്ഷണത്തിൽ അനേകലക്ഷം കൊതുകുകളിൽ ഒരേ സമയം ബാക്ടീരിയ കടത്തി. കൊതുകുകളിൽനിന്നു പെൺകൊതുകുകളെ കണ്ടെത്തി അവയെ കൊല്ലുകയും പുരുഷ കൊതുകുകളെ മാത്രം ബാക്ടീരിയ പ്രവേശിപ്പിച്ചു വളർത്തുകയും ചെയ്യണം. ഇതിനുള്ള സാങ്കേതിക വിദ്യ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്തു.