ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിക്കാനുള്ള ഒരുക്കത്തിലാണ് ക്രൊയേഷ്യയെന്ന കൊച്ചുരാജ്യം. നമ്മുടെ മലപ്പുറത്തിന്റെ അത്ര പോലും ജനസംഖ്യയില്ലാത്ത രാജ്യമായ ക്രൊയേഷ്യയുടെ ഹീറോ ലൂക്കാ മോഡ്രിച്ച് എന്ന സൗമ്യനായ മനുഷ്യനാണ്. മിഡ്ഫീല്‍ഡില്‍ കളി നിയന്ത്രിക്കുന്ന മോഡ്രിച്ചിന്റെ ദുഷ്കരമായ ബാല്യം ഏവരെയും കരയിപ്പിക്കും.
അഭയാര്‍ഥി ക്യാംപിലാണ് മോഡ്രിച്ച് കുട്ടിക്കാലം ചെലവഴിച്ചത്. 1991 ഡിസംബറില്‍ മോഡ്രിച്ചിന് ആറ് വയസുള്ള സമയത്തായിരുന്നു, ബാല്‍ക്കന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അന്ന് സെര്‍ബിയന്‍ പട ഡാല്‍ മേഷ്യയിലെ ക്രൊയേഷ്യന്‍ ഗ്രാമങ്ങള്‍ ആക്രമിച്ചു. നാട് വിടാത്ത കുടുംബങ്ങളെ ക്രൂരമായി പീഡിപ്പിച്ചു. ആ കൂട്ടത്തില്‍ ലൂക്ക മോഡ്രിച്ചിന്റെ കുടുംബവുമുണ്ടായിരുന്നു.
മുത്തച്ഛന് ലൂക്ക മോഡ്രിച്ച് സീനിയറിനെയും മറ്റ് അഞ്ചുപേരെയും സെര്‍ബിയന്‍ അക്രമികള്‍ ബന്ധിയാക്കി വെടിവെച്ച് വീഴ്ത്തുന്നതിന് ആ കുഞ്ഞ് ലൂക്ക സാക്ഷിയായി. ലൂക്കയെ സ്നേഹത്തോടെ ഊട്ടി വളര്‍ത്തിയത് മുത്തച്ഛനായിരുന്നു.
അന്ന്, ലൂക്കയുടെ അച്ഛനും അമ്മയും ദൂരെ ഒരു തുന്നല്‍ കമ്പനിയില്‍ ജോലി ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ തന്നെ വളര്‍ത്തി വലുതാക്കിയ രാജ്യത്തിന് കിരീടത്തിലൂടെ പ്രതിഫലം നല്കാന് ഒരുങ്ങുകയാണ് മോഡ്രിച്ച്.