നന്മ നിറഞ്ഞ മോഷ്ടാവ് എന്നത് കൗതുകമുണര്‍ത്തുന്ന പറച്ചിലാണ്. എന്നാല്‍ കരുമാടി സ്വദേശിയായ ഒരു കള്ളന് ചെയ്തത് കേട്ടാല്‍ അയാളെ ഇങ്ങനെ വിളിക്കാനേ തോന്നൂ. മോഷ്ടിച്ച സ്വര്‍ണം വ്യസനസമേതം തിരികെ നല്കിയ നന്മ നിറഞ്ഞ മോഷ്ടാവ്.
‘മാപ്പു നല്‍കുക… നിവര്‍ത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല…’ കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റില്‍ രാവിലെ കണ്ട കത്തിലെ വരികളാണിത്. കത്തിന്റെ കൂടെ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു മോഷണം പോയ ഒന്നരപ്പവന്‍ മാലയുമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി മധുകുമാറും കുടുംബവും ബന്ധു വീട്ടില്‍ കല്യാണത്തിനു പോയ സമയത്തായിരുന്നു മോഷണം. അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ച മാല മോഷ്ടിക്കുകയായിരുന്നു.
തിരികെയെത്തിയ കുടുംബം മോഷണം നടന്നത് മനസ്സിലായതോടെ ബുധനാഴ്ച അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെ ഗേറ്റില്‍ മാപ്പപേക്ഷിച്ചുള്ള കത്തും നഷ്ടപ്പെട്ട മാലയും കണ്ടത്.