കളമശേരി: കിടപ്പാടം വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി വിധി മനുഷ്യത്വപരമല്ലന്നും ജീവൻ നൽകിയും അത് സംരക്ഷിക്കുമെന്നും പ്രീത ഷാജി കോടതി വിധിയോട് പ്രതികരിച്ചു. ചെറിയ തുകയ്ക്ക് കിടപ്പാടം തട്ടിയെടുത്തത് നിരവധി പേരുടെ ഗൂഢാലോചനയുണ്ടെന്നും പ്രീതാ ആരോപിച്ചു.
ബാങ്ക് മേധാവികൾ, ഡിആർടി ഉദ്യോഗസ്ഥർ, റിയൽ എസ്റ്റേറ്റ് മാഫിയ എന്നിവരടങ്ങുന്ന ഗൂഢ സംഘമാണ് ഇതിനു പിന്നിൽ. രണ്ടു ലക്ഷം രൂപയുടെ കടമാണ് രണ്ടരക്കോടി രൂപയായി ഉയർന്നത്. എങ്ങിനെയാണ് ഇത്രയധികം തുക വന്നതെന്ന് വ്യക്തമാകുന്നില്ല.
പാവങ്ങളെ തെരുവിലേക്ക് ഇറക്കി വിടുന്ന നിയമങ്ങൾക്ക് മാറ്റമുണ്ടാക്കണം. തങ്ങളുടെ ഭൂമി നഷ്ടപ്പെടുത്തി ഒരിക്കലും തന്റെ കുടുംബം തെരുവിലേക്ക് ഇറങ്ങില്ല. തങ്ങളുടെ ഭാഗത്ത് സത്യം ഉള്ളതുകൊണ്ടാണ് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും നേതാക്കളും പിൻതുണക്കുന്നതെന്നും വീടു തട്ടിയെടുക്കാനുള്ള റിയൽ എസ്റ്റേറ്റ് മാഫിയകളുടെ ശ്രമം ആദ്യം അന്വേഷിക്കണമെന്നും പ്രീത ഷാജി പറഞ്ഞു.