നിലന്പൂർ: അന്തർസംസ്ഥാന മോഷണ സംഘത്തിലെ രണ്ടു പേർ പിടിയിലായ കേസിൽ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം നെല്ലിമറ്റം സ്വദേശി മാൻകഴിക്കുന്നേൽ ബിജു(43) എന്ന ആസിഡ് ബിജുവും കൂട്ടാളി കൊപ്പം തിരുവേഗപ്പുറ സ്വദേശി നീളൻതൊടിയിൽ വീട്ടിൽ രാജീവ്(കുട്ടൻ41) എന്നിവരാണ് നിലന്പൂർ പോലീസിന്റെ പിടിയിലായത്.
പോലീസിന്റെ മണ്‍സൂണ്‍ ഓപ്പറേഷന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രൻ, സിഐ കെ.എം.ബിജു, നിലന്പൂർ ടൗണ്‍ ഷാഡോ പോലീസ് സംഘം എന്നിവർ നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് നിലന്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് കവർച്ച നടത്താനുള്ള ആയുധങ്ങളുമായി ഇവർ പിടിയിലായത്.
ഇവർ പട്ടാന്പി, കൊപ്പം, തൃത്താല, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലെ വീടുകളിൽ നിന്നു ആയുധങ്ങൾ ഉപയോഗിച്ച് കവർച്ച നടത്തിയിരുന്നു. ഏകദേശം 70 പവന്റെ ആഭരണങ്ങൾ കവർന്നതായി പ്രതികൾ പോലീസിനോടു പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ സി.പി.മുരളി, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ് കുമാർ, പി.ജയപ്രകാശ്, പ്രദീപ്, മാത്യൂസ്, ടി.ശ്രീകുമാർ, മനോജ്, സക്കീറലി, ടി ഷീബ എന്നിവടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചതും തുടർ അന്വേഷണം നടത്തുന്നതും.
നിലന്പൂർ കോടതിയിലാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അതേസമയം സാധാരണ മോഷ്ടാക്കളുടെ രീതിയിൽ നിന്നു വ്യത്യസ്തമായ രീതിയിലാണ് ആസിഡ് ബിജു മോഷണം നടത്തുന്നത്. 1993ൽ മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നപ്പോൾ രക്ഷപെടാൻ ആസിഡ് ഉപയോഗിച്ചതിൽ പിന്നെയാണ് ബിജുവിന്റെ പേരിനൊപ്പം ആസിഡും ലയിച്ചത്. ആളില്ലാത്ത വീടിനേക്കാൾ ആളുകളുള്ള വീടിനോടാണ് ബിജുവിന് താൽപ്പര്യം.
മോഷ്ടിക്കുന്നതിനിടെ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ ഫോട്ടോ പകർത്തുന്നതും ഇയാളുടെ വിനോദമാണ്. ഇയാളുടെ മോഷണത്തിനു ഇരയാവരെല്ലാം ഒരു തരം മയക്കം അനുഭവപ്പെട്ടിരുന്നുവെന്ന് പറഞ്ഞിരുന്നു. അന്വേഷണത്തിൽ ഇയാൾ ക്ലോറോഫോം ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ പോലീസ് പിടികൂടുന്പോൾ ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽ ഹിറ്റ് എന്ന സ്പ്രേയും കണ്ടെത്തിയിരുന്നു. ഇത് ഇയാൾ മോഷണസമയത്ത് ഉപയോഗിക്കുന്നതാണോയെന്നും പോലീസ് സംശയിക്കുന്നു.
എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ വിവിധ സ്റ്റേഷൻ പരിധികളിലായി നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണിയാൾ. കോതമംഗലം, മൂവാറ്റുപുഴ, പെരുന്പാവൂർ, പെരിന്തൽമണ്ണ, പട്ടാന്പി, ചെർപ്പുളശേരി, അരീക്കോട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
കൂടെ പിടിയിലായ രാജീവ് എന്ന കുട്ടൻ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്. ഇയാൾ ബിജു നൽകുന്ന മോഷണമുതലുകൾ വിൽക്കാൻ സഹായിക്കും. ഇങ്ങനെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്.