മോസ്കോ: കപ്പടിക്കുമെന്ന് കട്ട പ്രതീക്ഷ ഉയർത്തിയ ബ്രസീലിന്റെ തോൽവിയിൽ മനംനൊന്ത കുഞ്ഞാരാധകൻ അർജന്റീന ആരാധകരുടെ ആക്രമണം ചെറുക്കുന്ന രസകരമായ വീഡിയോ അടുത്തിടെ വാട്സ്ആപ്പിൽ ലഭിച്ചു. നിങ്ങൾ എന്നെപ്പറഞ്ഞോ, ബ്രസീലിനെക്കുറിച്ച് എന്തിനാണ് പറയുന്നതെന്നാണ് എട്ടുവയസുപോലുമില്ലാത്ത ആരാധകൻ കരച്ചിലോടെ ചോദിക്കുന്നത്.
റഷ്യയിൽ ലോകകപ്പ് ആരംഭിക്കുമ്പോൾ വമ്പൻ പേരുകാരായിരുന്നു കളം നിറഞ്ഞുനിന്നത്. ബ്രസീൽ, അർജന്റീന, സ്പെയിൻ, ജർമനി, പോർച്ചുഗൽ… മെസി, നെയ്മർ, റൊണാൾഡോ, സലാ.. എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എന്നാൽ പന്ത് ഉരുണ്ടുതുടങ്ങിയതോടെ ഉള്ളിത്തൊലി പൊളിച്ചതുപോലെ വമ്പൻമാരുടെ വമ്പെല്ലാം അഴിഞ്ഞുവീണു. സെമിക്കുമുമ്പെ ഫ്ലക്സുകളെല്ലാം അഴിഞ്ഞു. മെസിയും നെയ്മറും റൊണാൾഡോയുമെല്ലാം കോഴിക്കൂടിന് അലങ്കാരമായി.
കളി തുടങ്ങുമുമ്പ് ആരും പ്രതീക്ഷവയ്ക്കാതിരുന്ന, ക്രൊയേഷ്യ അരങ്ങുണർന്നതോടെ തങ്ങൾ എന്തിനാണ് റഷ്യയിൽ എത്തിയിരിക്കുന്നതെന്ന് തെളിയിച്ചു തുടങ്ങി. മെസിയുടെ അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി സെമിവരെ വേണമെങ്കിൽ വന്നേക്കുമെന്നായിരുന്നു പ്രവചനക്കാരുടെ ഒരു ഇത്. എന്നാൽ അർജന്റീനയെ ഗ്രൂപ്പിൽ എതിരില്ലാത്ത മൂന്നു ഗോളിനു തോൽപ്പിച്ച് അവർ റഷ്യയുടെ മൈതാനത്ത് മുദ്രചാർത്തി. തോൽവിയറിയാതെ ഗ്രൂപ്പിൽ ചാമ്പ്യൻമാരായി.
പ്രീ ക്വാർട്ടറിൽ ഡെന്മാര്ക്കിനെ ഷൂട്ടൗട്ടിൽ മറികടന്ന് ക്വാർട്ടറിലേക്ക്. അവിടെ ആതിഥേയരായ റഷ്യയായിരുന്നു എതിരാളികൾ. വീണ്ടും പെനാൽറ്റി ഷൂട്ടൗട്ട്. ഷൂട്ടൗട്ടില്‍ റഷ്യയുടെ രണ്ട് ശ്രമങ്ങള്‍ പാഴായതോടെ 1998ന് ശേഷം ആദ്യമായി ക്രൊയേഷ്യ സെമിയിലേക്ക്. സെമിയിൽ സാക്ഷാൽ ഇംഗ്ലണ്ടിനെ ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ ഗോൾ വഴങ്ങിയ ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് പരാജയപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായി ഫൈനലിലേക്ക്.
കളി ആദ്യം തലയിൽ വിരിയുകയും ഇതിനെ കാൽ, സൗന്ദര്യാത്മകമായി മൈതാനത്ത് പ്രയോഗത്തിൽ വരുത്തുകയും ചെയ്യും. ഫുട്ബോളിന്റെ ഇത്തരമൊരു വിശേഷണം അന്വർഥമാക്കിയ ലോകകപ്പിലെ ഏതാനും ടീമുകളിൽ മുന്നിലാണ് ക്രൊയേഷ്യ. അവരുടെ കളി മൈതാന മധ്യത്തിലാണ് വിരിയുന്നത്.
ഗോളടിക്കുന്നതിനു സ്ട്രൈക്കർമാർ തന്നെ വേണമെന്നും ഇല്ല. അവരുടെ ദിവസമാണെങ്കിൽ ആരും ഗോളടിക്കും. അതിന് തെളിവാണ് അവരുടെ സ്കോർ പട്ടിക. ഇതുവരെ ആറു കളികളിൽനിന്ന് 11 ഗോളുകളാണ് ക്രൊയേഷ്യ നേടിയത്. ഇതിൽ സ്ട്രൈക്കർമാർ നേടിയത് മൂന്നു ഗോളുകൾ മാത്രം. മധ്യനിരക്കാരുടെ സംഭാവന ആറു ഗോളുകൾ. പ്രതിരോധക്കാരും കയറിവന്ന് ഗോളടിച്ചു. രണ്ടു ഗോളുകളാണ് പ്രതിരോധക്കാർ നേടിയത്. അതായത് ഒറ്റ സൂപ്പർ താരത്തിൽ കേന്ദ്രീകരിക്കാതെ ടീമെന്ന നിലയിൽ ക്രൊയേഷ്യ കളിക്കുന്നു.
ലൂക്ക മോഡ്രിച്ച്, ഇവാന് റാക്കിട്ടിച്ച്, ആന്ദ്രെ റെബിച്ച്, ഇവാന് പെരിസിച്ച് എന്നിവരുള്ള ലോക ഫുട്ബോളിൽ ഏറ്റവും മികച്ച മധ്യനിരയാണ് ക്രൊയേഷ്യയുടേത്. ക്ലബ് തലത്തില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കുമൊപ്പമാണ് ഇവര്‍ കളിക്കുന്നത്. എന്നാല്‍ ദേശീയകുപ്പായത്തില്‍ ഇവർ ഒരുമിച്ചപ്പോള്‍ മികച്ച കളിയാണ് ക്രൊയേഷ്യയില്നിന്നു പുറത്തുവരുന്നത്. ഏറ്റവും മികച്ച മധ്യനിര കളിക്കാരില്‍ ഒരാളായ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ കളി മെനയുന്നത്.
1991 ൽ മാത്രം സ്വതന്ത്ര രാജ്യമായി മാറിയ ക്രൊയേഷ്യ ലോകകപ്പിൽ ഇത്തവണ അദ്ഭുതം സൃഷ്ടിക്കുന്നെങ്കിൽ അതിശയത്തിനു കാരണമില്ല. മികച്ച കളിയിലൂടെ തന്നെയാണ് അവർ ഫൈനൽ വരെ വന്നെത്തിയിരിക്കുന്നത്. ബ്രസീലും അർജന്റീനയും ജർമനിയും സ്പെയിനും കൊളംബിയയും എല്ലാം പരാജയപ്പെട്ടെങ്കിലും ഫുട്ബോൾ പരാജയപ്പെട്ടിട്ടില്ല. ക്രൊയേഷ്യ ഇക്കാര്യം അടിവരയിടുന്നു.