ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റ് പിഴുത കുൽദീപ് യാദവിന്റെ പ്രകടനം ഇടംപിടിച്ചത് റിക്കാർഡ് ബുക്കിൽ. ഏകദിന ക്രിക്കറ്റിൽ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇടംകൈയൻ സ്പിന്നർ എന്ന നേട്ടമാണ് ചൈനമാൻ ബൗളറായ കുൽദീപ് സ്വന്തം പേരിലെഴുതിയത്.
വെസ്റ്റ് ഇൻഡീസിനെതിരേ 32 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗിന്റെ പേരിലായിരുന്നു ഇടംകൈയൻ സ്പിന്നറുടെ മികച്ച പ്രകടനത്തിന്റെ ഇതുവരെയുള്ള റിക്കാർഡ്. 2005-ൽ മെൽബണിലായിരുന്നു ഹോഗിന്റെ പ്രകടനം. ഈ റിക്കാർഡ് തിരുത്തിയ കുൽദീപ് 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് സ്വന്തമാക്കി.
ഇംഗ്ലണ്ടിൽ ഏകദിനത്തിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. 11 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ പാക്കിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയായിരുന്നു ഈ റിക്കാർഡ് ഇതുവരെ കൈവശം വച്ചിരുന്നത്.
കുൽദീപിന്റെ ഇന്നത്തെ പ്രകടനം ഒരു ഇന്ത്യൻ ബൗളറുടെ മികച്ച നാലാമത് വിക്കറ്റ് നേട്ടം കൂടിയാണ്. നാലു റണ്‍സ് വഴങ്ങി ആറു വിക്കറ്റ് നേടിയ സ്റ്റ്യുവർട്ട് ബിന്നിയുടെ പ്രകടനം മുന്നിട്ടുനിൽക്കുന്പോൾ, അനിൽ കുംബ്ലെ (12/6), ആശിഷ് നെഹ്റ (23/6) എന്നിവരുടെ പ്രകടനം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 25 ഏകദിനങ്ങൾ മാത്രം കളിച്ച കുൽദീപിന്റെ അക്കൗണ്ടിൽ 45 വിക്കറ്റുകളാണുള്ളത്.