സംസ്ഥാനം ഒന്നു ചേര്‍ന്നാണ് നിപ്പ വൈറസ് എന്ന കൊലയാളിപ്പനിയെ നാടുകടത്തിയത്. അക്കൂട്ടത്തില്‍ എന്നും ഓര്‍മിക്കേണ്ട ഒരു പേരാണ് അജന്യ എന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടേത്. നിപ്പ രോഗം ബാധിച്ച്, ഒരു സംസ്ഥാനത്തിന്റെ ഒന്നാകെ പിന്തുണയോടെയും പ്രാര്‍ത്ഥനയോടെയും ചികിത്സ നേടി, രോഗത്തെയും വൈറസിനെയും അതിജീവിച്ച വ്യക്തിയാണ് അജന്യ.
നിപ്പയോട് പടപൊരുതി വിജയം നേടിയശേഷം വീണ്ടും പഠനത്തിന്റെ ലോകത്തേയ്ക്ക് കടക്കാനാണ് അജന്യ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ നിപ്പാ വൈറസില്‍ നിന്ന് മുക്തി നേടിയിരുന്നെങ്കിലും പുറം ലോകത്തേക്ക് ഇറങ്ങാതെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അജന്യ. അടുത്ത ആഴ്ച മുതലാണ് നഴ്‌സിംഗ് കോളജിലെ ക്ലാസ് മുറിയിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം അജന്യ എത്തുക. കോഴ്‌സിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴായിരുന്നു അജന്യക്ക് നിപ വൈറസ് ബാധിച്ചത്.
അജന്യക്കിത് പുനര്‍ജന്മമാണ്. നിപ ബാധിച്ചാല്‍ മരണം ഉറപ്പാണെന്ന കണക്കുകൂട്ടലുകള്‍ക്കിടയില്‍ അവള്‍ നിപ വൈറസിനെ അതിജീവിച്ചു. ഐ.സി.യുവില്‍ ഓര്‍മയില്ലാതെ കിടന്ന നാളുകള്‍. പിന്നെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക്. അവിടെ വെച്ചാണ് ഇത്രയും ഭീതിപ്പെടുത്തിയിരുന്ന അസുഖമാണ് തനിക്ക് വന്നതെന്ന് അജന്യ അറിഞ്ഞത്. പിന്നീട് കൂട്ടുകാര്‍ അയച്ചു കൊടുത്ത വാര്‍ത്തകളിലൂടെ നിപയുടെ നാള്‍ വഴികളെല്ലാം അജന്യ അറിഞ്ഞിരുന്നു.
നിപ ബാധിച്ച ഓരോരുത്തരും മരിക്കുമ്പോള്‍ അജന്യക്കൊപ്പം തൊട്ടടുത്തുണ്ടായിരുന്നു അവളുടെ അച്ഛനും അമ്മയും. ആ ഭീതിയില്‍ നിന്ന് മകള്‍ തിരിച്ച് വന്നെന്നറിഞ്ഞ നിമിഷം മുതല്‍ അവളുടെ രണ്ടാം ജന്മമായാണ് അവര്‍ക്കത് അനുഭവപ്പെട്ടത്. രോഗം പിടിപെട്ട്, ചികിത്സയ്ക്ക് വിധേയയായ സമയത്ത് തന്നെ ശുശൂഷിച്ച സിസ്റ്റര്‍മാരോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും അവരെപ്പോലെ ഒരു നല്ല നഴ്‌സാവുക എന്നതാണ് തന്റെ ജീവതലക്ഷ്യമെന്നും തന്നെ സന്ദര്‍ശിച്ച മാധ്യമങ്ങളോടായി അജന്യ പറഞ്ഞു.