ചേർത്തല: വ്യാജ മുക്ത്യാർ ചമച്ച് ബിന്ദു പത്മനാഭന്റെ വസ്തു തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിന്ദുവിന്റെ പേരിൽ വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ച മേട്ടുപാളയം മഹാദേവർ പോസ്റ്റ് രാമസ്വാമി ബിൽഡിങിൽ സി.ഷണ്മുഖ (68) മാണ് പിടിയിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുക്ത്യാർ രജിസ്റ്റർ ചെയ്യുന്നതിന് ബിന്ദുവിന്റെ പേരിൽ സെബാസ്റ്റ്യൻ ഹാജരാക്കിയ വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമ്മിച്ചത് ഷണ്മുഖമാണ്. നേരത്തെ പിടിയിലായ തങ്കച്ചനിൽ നിന്നുമാണ് ഷണ്മുഖത്തെകുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് ഇയാളെ തന്ത്രപൂർവം ചേർത്തലയിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാജ മുക്ത്യാർ ചമച്ച് വിൽപന നടത്തിയ ഇടപ്പള്ളിയിലെ സ്ഥലത്ത് സെബാസ്റ്റ്യനെ ഇന്നലെ തെളിവെടുപ്പിന് കൊണ്ടുപോകുവാൻ ആദ്യം പോലീസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വച്ചു. വ്യാജരേഖകളുടെ സ്ഥിരീകരണവും സാക്ഷികളെ ചോദ്യം ചെയ്യലും തിരിച്ചറിയലുമാണ് നടത്തിയത്.
അതേസമയം വ്യാജ ഡ്രൈവിങ് ലൈസൻസ്, വ്യാജ എസ്എസ്എൽസി ബുക്കിന്റെ പകർപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പട്ടണക്കാട് പോലീസ് റജിസ്റ്റർ ചെയ്ത കേസിലേക്ക് സെബാസ്റ്റ്യനെ കസ്റ്റഡിയിൽ കിട്ടുന്നതിന് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. വ്യാജ ഡ്രൈവിങ് ലൈസൻസിന് ഇടനിലക്കാരനായി പ്രവർത്തിച്ചതിന് പിടിയിലാവുകയും ഇപ്പോൾ റിമാൻഡിലുമുള്ള ചേർത്തല കെ.ആർ പുരം പടിഞ്ഞാറെവെളി സി.തങ്കച്ചനെ(54) കസ്റ്റഡിയിൽ കിട്ടുന്നതിന് കോടതിയിൽ ഇന്ന് പോലീസ് അപേക്ഷ നൽകും.