പിറവം: മോഷ്ടാക്കൾ വീട് കുത്തിത്തുറക്കാനുപയോഗിച്ച പാര പോലീസിന് പാരയാകുന്നു. മോഷണ വിവരമറിഞ്ഞ് ബുധനാഴ്ച രാത്രിയിൽ എത്തിയ പോലീസ് സംഘം അടുക്കള വാതിൽ പൊളിക്കാനുപയോഗിച്ച കന്പി പാര കണ്ടിരുന്നു. വീടിന്റെ പിൻഭാഗത്ത് ചാരിവെച്ചിരുന്ന പാര പോലീസ് എടുത്തുമാറ്റാൻ തയാറായില്ല.
കാരണം ഇതിൽ പതിഞ്ഞിരിക്കുന്ന വിരലടയാളം നഷ്ടപ്പെടുമല്ലോയെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. പക്ഷെ പിറ്റേദിവസം പുലർച്ചെ പാര ഇവിടെ നിന്നും അപ്രത്യക്ഷമായതാണ് പോലീസിനെ കുഴയ്ക്കുന്നത്.
പഴയ കാലത്ത് തേങ്ങ പൊതിക്കുന്ന രീതിയിലുള്ള ഈ കന്പി പാര ഏറെ പ്രത്യേകത നിറഞ്ഞതാണ്. പാരയുടെ അടിഭാഗത്തായി പ്രത്യേക വളയമുണ്ടാക്കിയിട്ടുണ്ട്. ഇതിൽ കൈകോർത്താണ് വാതിലുകൾ പൊളിക്കുന്നതെന്ന് കരുതുന്നു. ഈ ഭാഗം കല്ലുകൊണ്ടും മറ്റും ഇടിച്ച നിലയിലാണ് ഉണ്ടായിരുന്നത്.
സംഭവമറിഞ്ഞ് രാത്രി വൈകി വരെ പോലീസ് സംഘം വീട്ടിലുണ്ടായിരുന്നു. വീട്ടുകാരാണങ്കിലും രാത്രിയിൽ ഉറങ്ങിയിരുന്നില്ല. ഇതിനിടെയാണ് വീടിന് പുറകിൽ നിന്നും പാര മോഷ്്ടാക്കൾതന്നെ കടത്തിക്കൊണ്ടുപോയിരിക്കുന്നത്. പോലീസ് സംഘമെത്തുന്പോഴും മോഷ്ടാക്കൾ പരിസരത്തുണ്ടായിരുന്നുവെന്നാണ് ഇതിൽ നിന്നുമുള്ള സൂചന.
പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവർ തന്നെയാണ് മോഷണം നടത്തിയതെന്നുള്ളതാണ് പോലീസിന്റെ നിഗമനം. ഇതാണ് സമീപത്തെ കോളനിയിലെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതും.