ഒറ്റപ്പാലം: ഭാരതപ്പുഴയ്ക്കു കുറുകേ പാലക്കാട്-തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കൂപാലത്തിന്റെ പ്രാരംഭനടപടികൾ ഉടനേ തുടങ്ങും. പാലപ്പുറം എറക്കോട്ടിരിയേയും തൃശൂർ ജില്ലയിലെ തിരുവില്വാമല കുത്താന്പുള്ളിയേയും ബന്ധിപ്പിച്ചാണ് തൂക്കുപാലം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു.
മണ്ണുപരിശോധനയ്ക്കും സ്ട്രക്ചറൽ ഡിസൈൻ തയാറാക്കുന്നതിനുമായി ഏഴുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തിയാകുന്നമുറയ്ക്ക് മണ്ണുപരോധന തുടങ്ങും. പിഡബ്ല്യുഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിനാണ് ഇതിന്റെ നിർമാണചുമതല. സിൽക്ക്, കെൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും തുടർനടപടികൾ.
കുത്താന്പുള്ളി നെയ്ത്തുഗ്രാമത്തിലെ നൂറുക്കണക്കിനു നെയ്ത്തു തൊഴിലാളികൾ വ്യാവസായികാവശ്യങ്ങൾക്ക് തമിഴ്നാട്ടിലേക്കും മറ്റും പോകുന്നതിനു സ്ഥിരമായി ആശ്രയിക്കുന്നത് പാലപ്പുറം റെയിൽവേ സ്റ്റേഷനെയാണ്. വേനൽക്കാലങ്ങളിൽ പുഴയിറങ്ങിക്കയറി വരാമെങ്കിലും ഒഴുക്കു വർധിച്ചാൽ യാത്ര ബുദ്ധിമുട്ടിലാകും.
കുത്താന്പുള്ളിയിൽനിന്നു നോക്കിയാൽകാണുന്ന പാലപ്പുറത്തെത്താൻ പുഴനിറഞ്ഞാൽ തിരുവില്വാമല ലക്കിടിവഴി കിലോമീറ്ററുകൾ താണം. പാലപ്പുറം, എറക്കോട്ടിരി പ്രദേശങ്ങളിലുള്ളവർക്ക് മറുകരയിൽ എത്തുന്നതിനു തൂക്കുപാലം ഏറെ ഗുണകരമാകും.
അതേസമയം പാലപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് ഏറ്റവുമധികം യാത്രക്കാർ എത്തുന്നത് മറുകരയിലുള്ള കുത്താന്പുള്ളിയിൽനിന്നാണ്. ഈ സ്റ്റേഷന്റെ നിലനില്പിനും തൂക്കുപാലം ഏറെ പ്രയോജനകരമാകും.