കുണ്ടറ: റോഡ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി. സുധാകരന് നിര്‍ദേശിച്ചു. കുണ്ടറ പള്ളിമുക്കില്‍ നിന്നും മണ്‍ട്രോതുരുത്തിലേക്കുള്ള 17.76 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളുടെ നവീകരണ ജോലികള്‍ മുളവന ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന് അവകാശപ്പെട്ട റോഡ് ഏതാനും പേര് കാൈയേറി കച്ചവടവും മറ്റും നടത്തുന്നത് അംഗീകരിക്കാനാവില്ല. റവന്യൂ ഭൂമി വിട്ടുതന്നേ തീരൂ. വഴിയോരക്കച്ചവടം കൊണ്ട് ജീവിക്കുന്ന ഒരുപാടു പേര് സംസ്ഥാനത്തുണ്ട്. റോഡ് കൈയേറാതെ കച്ചവടം ചെയ്ത് ജീവിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇവര്‍ക്ക് സൗകര്യമൊരുക്കണം.
അടിസ്ഥാന സൗകര്യ മേഖലയില്‍ നടന്നുവരുന്ന വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. വന്‍കിട പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. റോഡ് നിര്‍മാണത്തില്‍ ആധുനിക സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ശ്രമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
റോഡ് സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് പൊതുസമൂഹം സഹകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എംപി, കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ഗ്രാപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബാബുരാജന്, ബിനു കരുണാകരന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍, മറ്റ് ജനപ്രതിനിധികള്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി. ബിനു, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി. വിശ്വപ്രകാശ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.