കോഴിക്കോട്: ശക്തമായ മഴ പെയ്യുന്ന ജില്ലയിൽ സ്വകാര്യ ബസിൽ യാത്ര ചെയ്യാനും കുട പിടിക്കണം. നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ മിക്കതും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. കനത്ത മഴ പെയ്യുന്പോൾ സിറ്റി ബസുകൾക്കുള്ളിൽ വെള്ളം എത്തുന്നത് സാധാരണ സംഭവമാണ്. ഏത് സീറ്റിൽ ഇരുന്നാലും യാത്രക്കാരുടെ തലയിൽ വെള്ളം വീഴുന്ന സ്ഥിതിയാണ്.
ശക്തമായ മഴ പെയ്യുന്പോൾ അടിമുടി നനഞ്ഞാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്. രാവിലെ ഓഫീസിലേക്ക് ജോലിക്ക് പോകുന്നവർ ബസിൽ കയറുന്നതോടെ നനഞ്ഞ് കുളിക്കുന്ന അവസ്ഥയാണ്. സീറ്റിൽ വെള്ളം കെട്ടി നിൽക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ അടിവസ്ത്രം വരെ നനയുമെന്നും യാത്രക്കാർ പറയുന്നു.
വിൻഡോ ഷട്ടറിന് പകരം ഉപയോഗിക്കുന്ന ടാർപായകൾ പല ബസുകളിലും കീറിപ്പറിഞ്ഞ നിലയിലാണ്. ഷീറ്റുകൾ കീറിയിരിക്കുന്നതിനാൽ ജനവാതിലിനുള്ളിലൂടെയും വെള്ളം ബസിനകത്ത് എത്തും. ചില ബസുകളിൽ കീറിയ വിൻഡോ ഷീറ്റിന് പകരം പഴയ ഫ്ല്ക്സ് ബോർഡുകളും മറ്റും വച്ചാണ് ജനവാതിൽ അടയ്ക്കുന്നത്.
ബസിനുള്ളിൽ വെള്ളം എത്തുന്നത് യാത്രക്കാർ പരാതിപ്പെട്ടാലും തൊഴിലാളികൾ ഇതൊന്നും ഗൗനിക്കാറില്ല. യാത്രക്കാരുടെ കുത്തിന് പിടിച്ച് പണം വാങ്ങുന്നതല്ലാതെ ബസിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താൻ തൊഴിലാളികളോ ഉടമകളോ ശ്രദ്ധിക്കാറില്ല. ചില ബസുകളുടെ മേൽക്കൂരയടക്കം ചോരുന്നു.
സ്കൂൾ കുട്ടികളടക്കം കയറുന്ന സമയത്ത് ബസിനുള്ളിൽ വെള്ളം ചോരുന്പോൾ സ്ത്രീകളടക്കമുള്ള യാത്രക്കാർ നനഞ്ഞ് വലയുന്നത് പതിവ് കാഴ്ച്ചയാണ്. മഴയത്ത് ഇത്തരത്തിൽ യാത്ര ചെയ്യുന്നത് രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വർഷാവർഷം ബസുകൾക്ക് ഫിറ്റ്നസ് പരിശോധന നടത്താറുണ്ട്. നിയമാനുസൃത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുകയാണ് സിഎഫ് ടെസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഫിറ്റ്നസ് പരിശോധനയുടെ ലക്ഷ്യം. കൈക്കൂലിയുടെ മറവിൽ ഈ ടെസ്റ്റ് പലപ്പോഴും പ്രഹസനമാണ്. അടുത്തിടെ സിഎഫ് പരിശോധന കഴിഞ്ഞ ബസുകളടക്കം ചോരുന്നതിന്റെ കാരണവും കൈക്കൂലിതന്നെ.