തലശേരി: സിപിഎം പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ഇടത്തിലമ്പലത്തെ സി. രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 സാക്ഷികളുടെ വിസ്താരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. സാക്ഷികളായ വേലാണ്ടി പ്രകാശന് രണ്ട് പ്രതികളെയും സുരേഷ് അഞ്ച് പ്രതികളേയും തിരിച്ചറിഞ്ഞു.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും സാക്ഷികള്‍ തിരിച്ചറിഞ്ഞു. മറ്റൊരു സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ വരുണിന്റെ വിസ്താരം ഇന്ന് നടക്കും. സംഭവസമയത്ത് തലശേരി ടൗണ്‍ എസ്ഐയും ഇപ്പോള്‍ കോസ്റ്റല്‍ സിഐയുമായ കെ.കുട്ടികൃഷ്ണന്റെയും കൊല്ലപ്പെട്ട രഞ്ജിത്തിന്റെ സഹോദരൻ ഉള്‍പ്പെടെയുള്ള 11 പേരുടെയും വിസ്താരമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്.
2008 മാര്‍ച്ച് അഞ്ചിനാണ് തലശേരി നഗരമധ്യത്തില്‍ വച്ച് പട്ടാപ്പകല്‍ രഞ്ജിത്ത് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് നേതാവായ എം.പി. സുമേശിനെ നാരങ്ങാപ്പുറത്ത് വച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഓട്ടോറിക്ഷ ഓടിച്ച് വരികയായിരുന്ന രഞ്ജിത്തിനെ അക്രമിസംഘം ലോഗന്‍സ് റോഡിലെ എന്‍സിസി റോഡ് ജംഗ്ഷനില്‍ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം നടന്ന് പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ തുടങ്ങിയിട്ടുള്ളത്. അന്വേഷണ ഉദ്യോസ്ഥനായ ഡിവൈഎസ്പി രഘുരാമൻ ഉള്‍പ്പെടെ 39 സാക്ഷികളാണ് കേസിലുള്ളത്.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ മണ്ണയാട് ജസിത നിവാസില്‍ റജുല് (38), പഞ്ചമഹലില്‍ ജി.സതീശന് (34), വാവാച്ചിമുക്കിലെ പ്രജീഷ് (35), ഇടത്തിലമ്പലത്തെ എം.വി സുജിത്ത് (34),പൂവാടന്‍ അരുണ്‍(42), കുടക്കളത്തെ ഇ.കെ.സനീഷ് ബാബു(37), കോടിയേരി മൂഴിക്കരയിലെ സുധീഷ് എന്ന മുത്തു (39), തലായി ഗോപാല്‍ നിവാസില്‍ സന്തോഷ് എന്ന ജുഗുനു (43) എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രനും,അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജയകുമാറും.പ്രതിഭാഗത്തിനു വേണ്ടി അഡ്വ.പി.എസ്.ശ്രീധരന് പിള്ളയും അഡ്വ.പി പ്രേമരാജനുമാണ് ഹാജരാകുന്നത്.